അരുവാപ്പുലം: കല്ലേലി ചെളിക്കുഴിയിലെ ഓപ്പൺ ജയിലിന്റെ നിർമ്മാണം വസ്തു കൈമാറിയാൽ ഉടൻ ആരംഭിക്കുമെന്ന് ജയിൽ ഡി.ഐ.ജി പി.അജയകുമാർ പറഞ്ഞു. അരുവാപ്പുലം പഞ്ചായത്ത് ആറാം വാർഡിലെ കല്ലേലി ചെളിക്കുഴി ഭാഗത്ത് ജയിൽ നിർമ്മിക്കാൻ ഉദ്ദേശിക്കുന്ന സ്ഥലം സന്ദർശിക്കുകയായിരുന്നു അദ്ദേഹം. 17.5 ഏക്കർ സ്ഥലത്താണ് ജയിൽ.
സംസ്ഥാനത്തെ മൂന്നാമത്തെ തുറന്ന ജയിലാണ് ഇവിടെ അനുവദിച്ചത്. തിരുവനന്തപുരം ജില്ലയിലെ നെട്ടുകാൽത്തേരി ,കാസർകോട് ജില്ലയിലെ ചീമേനി എന്നിവിടങ്ങളിലാണ് തുറന്ന ജയിലുകളുള്ളത്.
ബാരക്കിന്റെ നിർമ്മാണം വസ്തു കൈമാറിയാൽ ഉടൻതന്നെ നടത്താൻ കഴിയുമെന്നും ഡി.ഐ.ജി പറഞ്ഞു.തടവുകാർക്ക് ജൈവകൃഷി, ഫുഡ് പ്രൊസസിംഗ് യൂണിറ്റ് ഉൾപ്പടെയുള്ള പ്രവർത്തനങ്ങളാണ് ഇവിടെ നൽകാൻ ഉദ്ദേശിക്കുന്നത്. ഉൽപന്നങ്ങൾ പ്രാദേശികമായും, ജില്ലയിലെ മറ്റ് പ്രദേശങ്ങളിലും വിറ്റഴിക്കും. ക്വാറി ഉപ്പെടെ ഉള്ള പ്രവർത്തനങ്ങൾ വസ്തുവിന് സമീപം അനുവദിക്കാൻ കഴിയില്ലന്നും ഡി.ഐ.ജി പറഞ്ഞു.
കെ.യു.ജനീഷ് കുമാർ എം.എൽ.എ, അരുവാപ്പുലം ഗ്രാമ പഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ കോന്നി വിജയകുമാർ എന്നിവരും അദ്ദേഹത്തിനൊപ്പം ഉണ്ടായിരുന്നു.