 ജി.ഡി തിരുത്തിയത് ഗുരുനാഥൻ മണ്ണ് സെക്ഷൻ ഒാഫീസർ പത്തനംതിട്ട: വനപാലകരുടെ കസ്റ്റഡിയിയിലിരിക്കെ കിണറ്റിൽ മരിച്ച ചിറ്റാർ സ്വദേശി മത്തായിയുടെ മരണവിവരങ്ങൾ ജി.ഡി ബുക്കിൽ (കുറ്റകൃത്യങ്ങൾ എഴുതുന്ന ജനറൽ ഡയറി) എഴുതിയതിൽ വൻ ക്രമക്കേട്. ജി.ഡി ബുക്ക് പുറത്തുകൊണ്ടുപോകാൻ പാടില്ലെന്നിരിക്കെ, ചിറ്റാർ ഫോറസ്റ്റ് സ്റ്റേഷനിലെ ജി.ഡി കരികുളം ഫോറസ്റ്റ് സ്റ്റേഷനിലേക്കും തുടർന്ന് വടശേരിക്കര ഐ.ബിയിലേക്കും കൊണ്ടുപോയി. ജി.ഡിയിൽ വിവരങ്ങൾ രേഖപ്പെടുത്തിയത് ഗുരുനാഥൻമണ്ണിലെ സെക്ഷൻ ഫോറസ്റ്റ് ഒാഫീസറാണ്. വടശേരിക്കര റേഞ്ച് ഒാഫീസറുടെ നിർദേശപ്രകാരമാണ് ജി.ഡി കൊണ്ടുപോയതെന്നാണ് സൂചന. ഇത് സംബന്ധിച്ച് വനംവകുപ്പ് അന്വേഷണം നടത്തിയിട്ടില്ല. ജി.ഡി പുറത്തുകൊണ്ടുപോകുന്നതും മറ്റൊരു സ്റ്റേഷനിലെ വനപാലകൻ അതിൽ എഴുതുന്നതും ഗുരുതര നിയമലംഘനമാണ്. വനംവകുപ്പിന്റെ കാമറ നശിപ്പിച്ചെന്നാരോപിച്ച് 28ന് വൈകിട്ടാണ് മത്തായിയെ കസ്റ്റഡിയിലെടുത്തത്. തെളിവെടുപ്പിന് വീട്ടിൽ എത്തിച്ച മത്തായിയെ രാത്രി എട്ടുമണിയോടെയാണ് കിണറ്റിൽ മരിച്ച നിലയിൽ കണ്ടത്. പക്ഷേ മരിച്ചത് രാത്രി 10മണിക്കെന്നാണ് ജി.ഡിയിൽ രേഖപ്പെടുത്തിയിരിക്കുന്നത് ഗുരുനാഥൻമണ്ണ് സെക്ഷൻ ഫോറസ്റ്റ് ഒാഫീസറും മറ്റൊരു വനപാലകനും ചേർന്നാണ് രാത്രി പത്തുമണിക്ക് ശേഷം ചിറ്റാർ സ്റ്റേഷനിൽ എത്തി ജി.ഡി എടുത്തുകൊണ്ടുപോയതെന്ന് വ്യക്തമായിട്ടുണ്ട്. ഇൗ സമയം ചിറ്റാർ സ്റ്റേഷനിൽ ഒരു വനിതാ ഫോറസ്റ്റ് ഒാഫീസറും ഒരു വനപാലകനുമാണ് ഉണ്ടായിരുന്നത്. പിറ്റേന്ന് പുലർച്ചെ മൂന്നേകാലോടെ ജി.ഡി ചിറ്റാർ സ്റ്റേഷനിൽ കൊണ്ടുവയ്ക്കുകയും ചെയ്തു. പത്തനംതിട്ട നർക്കോട്ടിക് സെൽ ഡിവൈ.എസ്.പിയുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ ജി.ഡിയിൽ കൃത്രിമം കാട്ടിയതായി കണ്ടെത്തിയിട്ടുണ്ട്. .  വനപാലകർക്കെതിരെ കേസെടുക്കും ചിറ്റാർ ഫോറസ്റ്റ് സ്റ്റേഷനിലെ ഏഴ് വനപാലകർക്കെതിരെ നരഹത്യയ്ക്ക് പൊലീസ് കേസെടുക്കും. ഇവരിൽ രണ്ടുപേരെ കഴിഞ്ഞ ദിവസം സസ്പെൻഡ് ചെയ്യുകയും അഞ്ചുപേരെ സ്ഥലംമാറ്റുകയും ചെയ്തിരുന്നു. നർക്കോട്ടിക് സെൽ ഡിവൈ.എസ്.പി പ്രദീപ്കുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം. മത്തായി കാമറ നശിപ്പിച്ചത് കണ്ടെന്ന് മൊഴികൊടുത്ത ചിറ്റാർ സ്വദേശി അരുൺ പറഞ്ഞത് കളവാണെന്ന് കണ്ടെത്തി. ഇയാൾക്കെതിരെയും കേസെടുക്കും. പത്ത് വനപാലകർ ഉൾപ്പെടെ മുപ്പതുപേരെ ഇതിനകം ചോദ്യംചെയ്തിട്ടുണ്ട്. മത്തായിക്കൊപ്പം കസ്റ്റഡിയിലെടുത്ത ശേഷം വിട്ടയച്ച രണ്ടുപേർ ഒളിവിലാണ്.മത്തായിയെ അരീക്കക്കാവിലെ വാടക വീട്ടിൽ നിന്ന് കസ്റ്റഡിയിലെടുക്കുന്നത് കണ്ട യുവാവിന്റെ മൊഴിയെടുത്തിട്ടുണ്ട്. ഇയാൾ കേസിലെ നിർണായക സാക്ഷിയാകും.