മല്ലപ്പള്ളി- സിവിൽ സർവീസ് പരീക്ഷയിൽ എട്ടാംറാങ്ക് നേടിയ നിഥിൻ കെ.ബിജു മല്ലപ്പള്ളിയുടെ അഭിമാനമായി. മല്ലപ്പള്ളി കല്ലൂപ്പാറ കുറ്റിക്കണ്ടത്തിൽ ബിജുവിന്റെ മകനാണ്.അഞ്ചാം ക്ലാസുവരെ തിരുവല്ല സെന്റ് മേരിസ് സ്‌കൂളിൽ പ്രാഥമിക പഠനം പൂർത്തിയാക്കിയ നിഥിൻ ആറുമുതൽ 12 വരെ വെച്ചൂച്ചിറ നവോദയാ വിദ്യാലത്തിലാണ് പഠിച്ചത്. ഇലക്ട്രോണിക്‌സ് എൻജിനീയർ ആകണമെന്ന ലക്ഷ്യത്തോടെ ബംഗളുരു ആർ.എൻ.എസ്. ഐ.ടിയിൽ പഠനം തുടർന്നു. ഉപരിപഠനത്തോടൊപ്പം കോച്ചിംഗ് ക്ലാസുകളിൽ പോകുമായിരുന്നു. നിരവധി പരീക്ഷകൾക്ക് പങ്കെടുത്തെങ്കിലും മൂന്നാം തവണയാണ് മികച്ച വിജയം കരസ്ഥമാക്കാനായതെന്ന് പിതാവ് ബിജു പറഞ്ഞു. തിരുവല്ലയിൽ ആലപ്പി പാഴ്‌സൽ സർവിസ് ഏജൻസി നടത്തിവരുന്ന ബിജു ചെങ്ങരൂർ സർവീസ് സഹകരണ ബാങ്ക് ഭരണ സമിതി അംഗമാണ്. മക്കളുടെ വിദ്യാഭ്യാസം കണക്കിലെടുത്ത് ബിജുവിന്റെ ഭാര്യ സുജയും മകൾ എൻജിനീയറിംഗ് പഠനം പൂർത്തിയാക്കിയ സഹോദരി- നീതു റബേക്ക ബിജുവും ബാംഗ്‌ളുരിലാണ് താമസം.