തിരുവല്ല: സിവിൽ സർവീസിലെ നേടിയ 118 -ാം റാങ്ക് മാളവികയ്ക്ക് വിവാഹ സമ്മാനമായി. ചെങ്ങന്നൂർ ചൂനാട്ട് മഞ്ജീരത്തിൽ ഡോ. നന്ദഗോപന്റെ ജീവിതസഖിയായി ഒരുമാസം തികയുംമുമ്പേ മാളവിക 118 -ാം റാങ്ക് സ്വന്തമാക്കി. കഴിഞ്ഞ ജൂലായ് 12നായിരുന്നു ഇവരുടെ വിവാഹം. കേരള ഫിനാഷ്യൽ കോർപ്പറേഷൻ റിട്ട. ഡി.ജി.എം മുത്തൂർ ഗോവിന്ദനിവാസിൽ പി.ജി. അജിത് കുമാറിന്റെയും തിരുവല്ല താലൂക്ക് ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ് ഡോ. ഗീതാലക്ഷ്മി യുടെയും മകളാണ് മാളവിക. ഐ.സി.എസ്.ഇയിൽ ഒന്നാംറാങ്ക് നേടിയ മാളവിക കുറ്റപ്പുഴ മാർത്തോമ്മാ റസിഡന്റ്‌സ് സ്‌കൂളിലാണ് പത്തുവരെ പഠിച്ചത്. തുടർന്ന്കാഞ്ഞിരപ്പള്ളി സെന്റ് അന്തോണീസ് പബ്ലിക് സ്‌കൂളിൽ പ്ലസ് ടുവിന് ശേഷം എൻട്രൻസ് കോച്ചിങ് നടത്തി. എൻട്രൻസ് ലഭിച്ചതോടെ കെമിക്കൽ എൻജിനീയറിംഗിലും ബിരുദം സ്വന്തമാക്കി. ഗോവയിലെ ബിർള ഇൻസ്റ്റിറ്റ്യുട്ട് ഓഫ് ടെക്‌നോളജിയിൽ ഉപരിപഠനം നടത്തിയെങ്കിലും ചെറുപ്പം മുതലുള്ള സിവിൽ സർവ്വീസ് മോഹം ഉപേക്ഷിച്ചില്ല. തിരുവനന്തപുരത്ത് പരിശീലനം നടത്തി. മൂന്നാമത്തെ പരിശ്രമത്തിലൂടെ സിവിൽ സർവ്വീസ് റാങ്ക് പട്ടികയിൽ ഇടംനേടി ആഗ്രഹം സഫലമാക്കി. വിവാഹശേഷം ഭർത്താവിനൊപ്പം കഴിഞ്ഞമാസം അവസാനം ഇൻഡോറിൽ പോയി. നാലുദിവസം മുമ്പാണ് തിരികെയെത്തിയത്. സഹോദരി മൈത്രേയി എം.ബി.ബി.എസ് മൂന്നാംവർഷ വിദ്യാർത്ഥിയാണ്.