പത്തനംതിട്ട: കോഴഞ്ചേരി പബ്ലിക് ഹെല്‍ത്ത് ലാബിനോടു ചേര്‍ന്ന് സ്ഥാപിച്ച ആര്‍.ടി.പി.സി.ആര്‍ പരിശോധനാ സംവിധാനത്തിന് ഐ.സി.എം.ആര്‍ അംഗീകാരം കൂടി മതി. എല്ലാ ഉപകരണങ്ങളും സ്ഥാപിച്ച് ജീവനക്കാരെയും നിയമിച്ചതായി എന്‍.എച്ച്.എം ജില്ലാ മാനേജര്‍ ഡോ.എബി സുഷന്‍ പറഞ്ഞു. ജീവനക്കാര്‍ക്ക് ആലപ്പുഴ വൈറോളജി ലാബില്‍ പ്രത്യേക പരിശീലനവും നല്‍കി. നിലവില്‍ കോഴഞ്ചേരി ലാബില്‍ ട്രൂനാറ്റ് പരിശോധന നടക്കുന്നുണ്ട്. 24 മണിക്കൂറും പ്രവര്‍ത്തിപ്പിച്ചാല്‍ 1000 സ്രവ സാമ്പിളുകള്‍ വരെ പരിശോധിക്കാനുള്ള സംവിധാനം കോഴഞ്ചേരി ലാബിനുണ്ടാകും. ഇതോടെ ജില്ലയില്‍ പരിശോധനാഫലം വേഗത്തില്‍ ലഭ്യമാക്കാനും കൂടുതല്‍ പരിശോധനകള്‍ നടത്താനുമാകും.