drowning
ജിബിൻ

തിരുവല്ല: മണിമലയാറ്റിൽ കുളിക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ടു കാണാതായ രണ്ട് യുവാക്കളുടെയും മൃതദേഹങ്ങൾ കണ്ടെത്തി. തിരുവല്ല കുറ്റൂർ പാറയിൽ ഷാജി - ഷിൻസി ദമ്പതികളുടെ മകൻ ജിബിൻ (22), കുറ്റൂർ കലയത്തറ വീട്ടിൽ മാത്യു - ജിജി ദമ്പതികളുടെ മകൻ ജോയൽ (21) എന്നിവരാണ് മരിച്ചത്. ഞായറാഴ്ച രാത്രിയാണ് മണിമലയാറിന് കുറുകെയുള്ള കുറ്റൂർ റെയിൽവേ മേൽപ്പാലത്തിന് താഴെയുള്ള കടവിൽ നിന്ന് ഇവരെ കാണാതായത്. കുളിക്കാനിറങ്ങിയ യുവാക്കൾ ഒഴുക്കിൽപ്പെടുകയായിരുന്നു. ഇവർക്ക് ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കളായ ജെറിൻ, ചിന്തു, മിഥുൻ എന്നിവർ നീന്തി രക്ഷപെട്ടു. ഞായറാഴ്ച രാത്രിമുതൽ അഗ്നിശമന സേനയെത്തി തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല. ഇന്നലെ രാവിലെ പതിനൊന്നരയോടെ അപകടസ്ഥലത്ത് നിന്ന് നാല് കിലോമീറ്റർ മാറി വെൺപാല പനച്ചിമൂട്ടിൽ കടവിന് സമീപത്തെ പൊന്തക്കാട്ടിൽ മരച്ചില്ലകൾക്കിടയിൽ കുടങ്ങിയ നിലയിലാണ് ജിബിന്റെ മൃതദേഹം കണ്ടെത്തിയത്. ജോയലിന്റെ മൃതദേഹം വൈകിട്ട് ആറരയോടെ റെയിൽവേ മേൽപ്പാലത്തിന് നൂറ് മീറ്റർ അകലെ നിന്ന് കണ്ടെത്തുകയായിരുന്നു. ഇരുവരുടെയും മൃതദേഹങ്ങൾ തിരുവല്ല താലൂക്ക് ആശുപത്രിയിൽ എത്തിച്ച് കൊവിഡ് പരിശോധനയ്ക്കായി സ്രവം ശേഖരിച്ച ശേഷം ജില്ലാ ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റി. സംസ്ക്കാരം പിന്നീട്. ജിബിന്റെ സഹോദരി: അന്ന. ജോയലിന്റെ സഹോദരി സൂസന്ന.