അടൂർ : എക്സൈസ് സർക്കിൾ ഒാഫീസിലെ ഇൻസ്പെക്ടർ അടക്കം നാല് ജീവനക്കാർക്ക് കൊവിഡ് ബാധിച്ചതിനെ തുടർന്ന് സർക്കിൾ ഒാഫീസിന്റെ പ്രവർത്തനം താൽക്കാലികമായി പറക്കോട്ടെ റേഞ്ച്ഒാഫീസിലേക്ക് മാറ്റി. ഇന്നലെ ഒാഫീസ് പരിസരം അണുവിമുക്തമാക്കി. ഇൻസ്പെക്ടർക്ക് പുറമേ ഡ്രൈവർക്കും രണ്ട് സിവിൽ എക്സൈസ് ഒാഫീസർമാർക്കുമാണ് തിങ്കളാഴ്ച കൊവിഡ് സ്ഥിരീകരിച്ചത്. സർക്കിൾ ഒാഫീസിൽ പ്രാഥമിക സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ട ആറും രോഗം സ്ഥിരീകരിക്കും മുൻപേ പറക്കോട്ടെ റേഞ്ച് ഒാഫീസിൽ എത്തിയതിനെ തുടർന്ന് അവരുമായി പ്രാഥമിക സമ്പർക്കം പുലർത്തിയെന്ന് കരുതുന്ന 11 ജീവനക്കാരും ഉൾപ്പെടെ 17 ജീവനക്കാരെ ക്വാറന്റൈനിൽ അയച്ചു. ഇതിന് പുറമേ അടൂരിൽ രോഗം സ്ഥിരീകരിച്ച ഒരു സിവിൽ എക്സൈസ് ഒാഫീസർ പത്തനംതിട്ടയിലെ സ്പെഷ്യൽ സ്ക്വാഡിൽ റിപ്പോർട്ട് നൽകാനായി പോയിരുന്നു. ഇയാൾ വഴി സമ്പർക്കത്തിലേർപ്പെട്ട പത്തനംതിട്ട സ്പെഷ്യൽ സ്ക്വാഡിലെ ജീവനക്കാരും സ്വയം നിരീക്ഷണത്തിൽ പോകാൻ ആരോഗ്യവകുപ്പ് നിർദ്ദേശം നൽകി. രോഗ ബാധിതർ എത്തിയ പറക്കോട് റേഞ്ച് ഒാഫീസിലെ മുറിയും ഇന്നലെ നഗരസഭ ആരോഗ്യപ്രവർത്തകർ അണുവിമുക്തമാക്കി. ഇന്നലെ അടൂരിൽ 4 പേർക്കാണ് കൊവിഡ് പുതിയതായി സ്ഥിരീകരിച്ചത്. നേരത്തെ രോഗം സ്ഥിരീകരിച്ച പഴകുളത്തെ മത്സ്യ വ്യാപാരിയുടെ മകനുമായി സമ്പർക്കത്തിൽ ഏർപ്പെട്ട അയൽവാസികളായ കുട്ടികളാണ് രോഗം സ്ഥിരീകരിച്ചിതിൽ രണ്ടുപേർ. നഗരസഭയിലെ ആട്ടോ ഡ്രൈവർ വഴി സമ്പർക്കത്തിലേർപ്പെട്ട അയൽവാസിക്കും ഷാർജയിൽ നിന്നും എത്തിക്വാറന്റൈനിൽ കഴിഞ്ഞ മേലൂട് സ്വദേശിക്കുമാണ് അടൂരിൽ കൊവിഡ് സ്ഥിരീകരിച്ചത്. അടൂർ ക്ളസ്റ്ററിൽ നിന്നും സമ്പർക്കത്തിലേർപ്പെട്ട വി കോട്ടയം സ്വദേശിയായ കേരള ബാങ്ക് ജീവനക്കാരനും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.