destruction
കോതേകാട്ട് പാലം

തിരുവല്ല: നാടിന്റെ വികസനത്തെ വെല്ലുവിളിച്ച് അക്കരെയിക്കരെ നടന്നുപോകാൻ മാത്രമായൊരു പാലം. അരനൂറ്റാണ്ടിലേറെ കാലപ്പഴക്കമുള്ള കോതേകാട്ട് പാലമാണ് പ്രദേശത്തിന്റെ വികസനത്തിന് വിലങ്ങുതടിയാകുന്നത്. കാരയ്ക്കൽ തോടിന് കുറുകെ പെരിങ്ങര പഞ്ചായത്തിനെയും തിരുവല്ല നഗരസഭയെയും തമ്മിൽ ബന്ധിപ്പിക്കുന്ന പാലമാണിത്. അമ്പതോളം ചവിട്ടുപടികൾ കടന്നുവേണം അക്കരെയിക്കരെ കടക്കാൻ.ഇതുകാരണം പ്രായമായവരും സ്ത്രീകളുമൊക്കെ ഏറെ ബുദ്ധിമുട്ടിയാണ് പാലം കടന്നുപോകുന്നത്. സ്‌കൂട്ടർ ഉൾപ്പെടെയുള്ള മറ്റ് വാഹങ്ങൾക്കൊന്നും ഇതുവഴി കടന്നുപോകാനാകില്ല.കാലപ്പഴക്കത്താൽ ചവിട്ടുപടികൾ പലതും പൊട്ടിപ്പൊളിഞ്ഞു കിടക്കുകയാണ്. തകർന്ന പടിക്കെട്ടുകളും കൈവരികളുമായി നിലനിൽക്കുന്ന പാലത്തിന്റെ ബീമുകളും തകർച്ചയുടെ വക്കിലാണ്. 2018ലെ പ്രളയത്തിൽ വലിയ മരങ്ങൾ വന്നിടിച്ചതും പാലത്തിന്റെ ബലക്ഷയത്തിന് ആക്കം കൂട്ടി. ഇവിടെ പുതിയ പാലം നിർമ്മിച്ചാൽ പെരിങ്ങര പഞ്ചായത്തിലെ കാരയ്‌ക്കൽ,നഗരസഭയിലെ പെരിങ്ങോൽ നിവാസികൾക്ക് യാത്രാദൂരം ലാഭിക്കാം. പാലം പൊളിച്ചു നീക്കി വാഹന ഗതാഗതം കൂടി സാദ്ധ്യമാകുന്ന പുതിയ പാലം നിർമ്മിക്കണമെന്ന നാട്ടുകാരുടെ ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്.ഏറെ പ്രയോജനപ്പെടുന്ന പാലം പുനർനിർമ്മിക്കാൻ നാട്ടുകാർ പലവിധ പരിശ്രമങ്ങൾ നടന്നിട്ടും ഫലംകണ്ടില്ല.കാലാകാലങ്ങളിൽ മാറിമാറി വന്ന സർക്കാരുകൾ പ്രദേശത്തിന്റെ വികസനത്തോട് മുഖം തിരിക്കുകയാണെന്നാണ് പൊതുജനത്തിന്റെ ആക്ഷേപം. ഇക്കഴിഞ്ഞ സംസ്ഥാന ബഡ്ജറ്റിലും പാലം പുതുക്കി നിർമ്മിക്കുവാൻ 50 ലക്ഷം രൂപ വകയിരുത്തിയിരുന്നു. തുടർന്ന് മണ്ണ് പരിശോധനയടക്കം നടത്തുകയും ചെയ്തു. എന്നാൽ തുടർന്നുള്ള യാതൊരുവിധ നടപടികളും സ്വീകരിക്കാൻ അധികൃതർ ഇതുവരെയും തയാറായിട്ടില്ല.

നാട്ടുകാരുടെ പ്രതിഷേധം ഉയരുമ്പോൾ ഇടയ്ക്കിടെ പാലം കാണാൻ ഉദ്യോഗസ്ഥർ വരാറുണ്ട്. അവർ പാലത്തിന്റെ അളവെടുക്കും. എല്ലാം ശരിയാക്കുമെന്ന് പറഞ്ഞു തിരികെപോകും.
അനിൽകുമാർ
(പ്രദേശവാസി)

-സംസ്ഥാന ബഡ്ജറ്റിൽ പാലം പുതുക്കിപ്പണിയാൻ 50 ലക്ഷം രൂപ വകയിരുത്തി

-തുടർന്ന് നടപടികളായിട്ടില്ല

-ചവിട്ടുപടികൾ പലതും പൊട്ടിപ്പൊളിഞ്ഞു