1
ടൂറിസം സാദ്ധ്യതകളുള്ള ആറാട്ട് ചിറ,

കടമ്പനാട് : അടൂരിലെ ഗ്രാമീണടൂറിസം പദ്ധതികൾക്ക് ഉണർവേകാൻ ടൂറിസം പ്രൊമോഷൻ കൗൺസിൽ. വർഷങ്ങളായി അവഗണനയിൽ കിടക്കുന്ന ടൂറിസം പദ്ധതികൾ ഇതോടെ സജീവമാകുമെന്നാണ് പ്രതീക്ഷ.

1.പുതിയകാവിൽ ചിറ

അടൂർ പുതിയകാവിൽ ചിറ ടൂറിസംപദ്ധതിയെക്കുറിച്ച് പറഞ്ഞുകേൾക്കാൻ തുടങ്ങിയിട്ട് 25 വർഷമായി . 5 കോടിരൂപയിലധികം മുടക്കിയ പദ്ധതി തുടക്കത്തിൽത്തന്നെ നിലച്ച് ഇന്ന് കാടുകയറിക്കിടക്കുന്നു. പുനരുജ്ജീവനത്തിന് അഞ്ച് കോടിരൂപയുടെ പദ്ധതി അണിയറയിൽ ഒരുങ്ങുന്നുണ്ടന്ന് അധികൃതർ പറഞ്ഞു. വിശാലമായ ചിറയുടെ മൂന്നതിരുകളിൽ നടപ്പാത പണിതിട്ടുണ്ട് . കാട് വെട്ടിതെളിച്ചാൽ പ്രഭാത-സായാഹ്ന നടത്തത്തിനും കുട്ടികളുടെ പാർക്കിനുമുള്ള സൗകര്യമുണ്ട് .കെ റ്റി ഡി സി ഹോട്ടലുള്ളതിനാൽ ഭക്ഷണത്തിനും സൗകര്യമുണ്ട്

2..നെടുംകുന്ന് മല ടൂറിസം പദ്ധതി

മണക്കാലയിൽ നിന്ന് രണ്ട് കിലോമീറ്റർ മാത്രം അകലെയുള്ള നെടുംകുന്ന് മലയിൽ ടൂറിസംപദ്ധതിക്ക് നേരത്തെ പദ്ധതി തയ്യാറായതാണ്. വികസനത്തിന് ഒന്നരക്കോടിരൂപ ടൂറിസം വകുപ്പ് അനുവദിച്ചിട്ടുമുണ്ട് . വാച്ച് ടവർ, കൺവെൻഷൻ സെന്റർ, ഭക്ഷണശാല ,റോപ് വേ,കുട്ടികൾക്കായി വിനോദവിജ്ഞാനകേന്ദ്രം,തുടങ്ങിയവ നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നത്, സമുദ്രനിരപ്പിൽ നിന്ന് 1600 മീറ്റർ ഉയരത്തിൽ സ്ഥിതിചെയ്യുന്നതും ഏറെ ഐതിഹ്യങ്ങൾ നിറഞ്ഞതുമാണ് നെടുംകുന്ന് മല,.

3.മണ്ണടി ടൂറിസം

വേലുത്തമ്പിദളവയുടെ അന്ത്യത്തിലൂടെ ചരിത്രത്തിന്റെ ഭാഗമായ മണ്ണടിയിൽ മ്യൂസിയം നിലവിലുണ്ട്, മ്യൂസിയം വളപ്പിൽ പഠനഗവേഷണകേന്ദ്രം ഒരുങ്ങുന്നു. വേലുത്തമ്പിദളവ മണ്ണടിയിലെത്തിയത് മണ്ണടി ദേവിയുടെ പ്രതിപുരുഷനായി അറിയപ്പെട്ട കാമ്പിത്താനെ കാണാനാണന്നാണ് ചരിത്രം. കാമ്പിത്താൻ കുളി കഴിഞ്ഞ് വിശ്രമിച്ചിരുന്ന സ്ഥലത്ത് കൽമണ്ഡപമുണ്ട്. ഈ ഭാഗത്ത് കല്ലടയാറ്റിൽ ബോട്ട് യാത്രയ്ക്ക് സാദ്ധ്യതയുണ്ട് . വേലുത്തമ്പി ഒളിവിൽ കളിഞ്ഞതെന്ന് വിശ്വസിക്കുന്ന അരവക്കച്ചാണിഗുഹ മറ്റൊരു ആകർഷണമാണ്.

4..പള്ളിക്കൽ ആറാട്ടുചിറ

ഏഴ് ഏക്കറിൽ അധികംവരുന്ന പ്രകൃതിദത്തമായ ചിറയാണ് പള്ളിക്കൽ ആറാട്ടുചിറ. ചുറ്റുവട്ടത്ത് നിവധി കാവുകളും വയലേലകളുമുണ്ട്.അടൂർ ഗോപാലകൃഷ്ണന്റെ ജന്മനാടുകൂടിയായ ഇവിടം അദ്ദേഹത്തിന്റെ ഇഷ്ടലൊക്കേഷൻകൂടിയാണ് . ഇവിടെ ബോട്ടിംഗ് , നീന്തൽസ്റ്റേഡിയം, ഭക്ഷണശാല, കോട്ടേജ് , എന്നിവ ഉൾപ്പെടുത്തി പല ടൂറിസം പദ്ധതികളും വിഭാവനം ചെയ്തെങ്കിലും നടപ്പായില്ല. പദ്ധതി പുനരൂജ്ജീവിപ്പിക്കാൻ ടൂറിസം പ്രൊമോഷൺ കൗൺസിൽ ആലോചിക്കുന്നുണ്ട്.