പള്ളിക്കൽ: ആറാട്ടുചിറയിലെ ഹരിതകേരളം മിഷന്റെ പച്ചത്തുരുത്ത് പദ്ധതി പുനരാരംഭിക്കാൻ തീരുമാനിച്ചതായി ഹരിതകേരളം മിഷൻ ജില്ലാ കോർഡിനേറ്റർ ആർ.രാജേഷ് അറിയിച്ചു. ഈ ആഴ്ചതന്നെ ജൈവവേലി സ്ഥാപിച്ച് പുതിയ തൈകൾ നടും. ജൈവവേലി സ്ഥാപിച്ചുകഴിഞ്ഞാൽ വൈകാതെ കമ്പിവേലിയും സ്ഥാപിക്കും. തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി മൂന്ന് വർഷം വരെ സംക്ഷണവും നൽകും. പള്ളിക്കൽ പഞ്ചായത്ത് ഒന്നാം വാർഡിൽ ആറാട്ടുചിറയുടെ നാലതിരുകളിലുമാണ് ഹരിതകേരളം മിഷൻ ജില്ലാഘടകത്തിന്റെ പച്ചതുരുത്ത് പദ്ധതി നേരത്തെ തുടങ്ങിയത് . ഇപ്പോൾ ഇത് കാടുകയറി നശിച്ചുകിടക്കുകയാണ്. കഴിഞ്ഞദിവസം കേരളകൗമുദി ഇതേക്കുറിച്ച് റിപ്പോർട്ട് ചെയ്തിരുന്നു പരിസ്ഥിതി സന്തുലനം നിലനിറുത്തുക, ആവാസവ്യവസ്ഥയെ സംക്ഷിക്കുക, തുടങ്ങിയവയാണ് പദ്ധതിയുടെ ലക്ഷ്യം. പദ്ധതിക്കായി പള്ളിക്കൽ പഞ്ചായത്തിൽ ഏഴേക്കറോളം വരുന്ന ജലാശയമായ ആറാട്ടുചിറയുടെ നാലതിരുകളിലാണ് ഒൗഷധസസ്യങ്ങളും മറ്റും വച്ചുപിടിപ്പിച്ചത്. കടുത്തവേനലിലാണ് തൈകൾ നട്ടത്. തൊഴിലുറപ്പ് പദ്ധതിയിലുൾപ്പെടുത്തി സംരക്ഷിക്കുമെന്നായിരുന്നു പ്രഖ്യാപനം. തൈകൾനട്ട് കപ്പത്തണ്ടുകൊണ്ട് താൽക്കാലികവേലി തീർത്ത് മടങ്ങിയ അധികൃതർ പിന്നെ തിരിഞ്ഞുനോക്കിയില്ല. ചിറയുടെ കിഴക്കുഭാഗത്ത് റോഡിനോടുചേർന്ന് നട്ട തൈകളെല്ലാം പുല്ലിന് തീയിട്ടപ്പോൾ കരിഞ്ഞുപോയി. മറ്റുള്ളവ വേനലിൽ ഉണങ്ങിപ്പോയി. ഇപ്പോൾ പച്ചതുരത്തിനായി തൈകൾ നട്ടസ്ഥലങ്ങളിൽ പശുക്കളെകെട്ടുകയാണ് നാട്ടുകാർ. പദ്ധതി പുനരാരംഭിക്കുന്നതോടെ ഇതിന് പരിഹാരമാകും.