പത്തനംതിട്ട : നൂറുമേനി കൊയ്ത് നാടിനെ സമൃദ്ധമാക്കുകയാണ് കൊടുമൺ പഞ്ചായത്ത്.
സുഭിക്ഷ കേരളം പദ്ധതി, നെല്ല് സംഭരണം, ഇക്കോഷോപ്പ്, വിത്തുവണ്ടി തുടങ്ങിയ സംരംഭങ്ങളിലൂടെ ശ്രദ്ധേയമാവുകയാണ് പഞ്ചായത്ത്.
സുഭിക്ഷ കേരളം പദ്ധതിയിൽ ഉൾപ്പെടുത്തി നെൽകൃഷി, തരിശുപുരയിട കൃഷി, മത്സ്യകൃഷി, ഫലവൃക്ഷത്തൈ വിതരണം, കോഴിക്കുഞ്ഞ് വിതരണം, പുൽകൃഷി, ഔഷധസസ്യത്തോട്ടം നിർമ്മാണം തുടങ്ങിയവയാണ് നടക്കുന്നത്. 13500 ഫലവൃക്ഷത്തൈകളാണ് പഞ്ചായത്തിൽ വിതരണം ചെയ്തത്. 1010 വീടുകളിൽ കിഴങ്ങുവർഗ വിത്തുകൾ വിതരണം ചെയ്തു. വാഴവിത്ത്, വാഴത്തൈകൾ എന്നിവയും നൽകി
. ക്ഷീര കർഷകർക്ക് തീറ്റപ്പുല്ല് വിതരണവും നടത്തുന്നു. 35 കുളങ്ങളിൽ മത്സ്യ കൃഷി തുടങ്ങാനുള്ള തയ്യാറെടുപ്പിലാണ്. രണ്ടു കുളങ്ങളിൽ മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചു. കർഷകർക്ക് കോഴിക്കുഞ്ഞുങ്ങളെ വിതരണം ചെയ്തു. അങ്ങാടിക്കൽ ആയുർവേദ ആശുപത്രിയിൽ ഔഷധ സസ്യതോട് ആരംഭിച്ചു എന്നിങ്ങനെ പോകുന്നു പ്രവർത്തനങ്ങൾ.
. കൊവിഡ് മൂലം വിപണിയിൽ പ്രതിസന്ധി ഉണ്ടായപ്പോൾ കാർഷിക ഉൽപന്നങ്ങൾ വിൽക്കാൻ പഞ്ചായത്തിലെ എല്ലാ വീടുകളിലും വിത്തുകളും തൈകളും എത്തിക്കാൻ വിത്തുവണ്ടി എന്ന പദ്ധതി നടപ്പിലാക്കിയതും പഞ്ചായത്തിന്റെ പ്രത്യേകതയാണ്.
--------------
നെല്ലറയാകുന്ന നാട്
158 ഹെക്ടർ നെൽപാടങ്ങളിൽ കൃഷി ചെയ്ത 650 മെട്രിക്ക് ടൺ നെല്ല് സപ്ലൈക്കോ വഴിയും കൊടുമൺ ഫാർമേഴ്‌സ് സൊസൈറ്റി മുഖേനയും സംഭരിച്ചു. 130 മെട്രിക്ക് ടൺ നെല്ല് ഫാർമേഴ്‌സ് സൊസൈറ്റിയുടെ നേതൃത്വത്തിൽ സർക്കാർ വില ഉടനടി കർഷകർക്ക് നൽകി കൊടുമൺ ഫാർമേഴ്‌സ് സൊസൈറ്റി സംഭരിച്ചത് കർഷകർക്ക് വലിയ ആശ്വാസമായി.ചേനങ്കര ഏലായിൽ ചേറാടി വിത്ത് ഉപയോഗിച്ച് നെൽകൃഷി ആരംഭിച്ചിട്ടുണ്ട്.