കോന്നി: സംസ്ഥാന ഡ്രഗ് കൺട്രോൾ ഡിപ്പാർട്ട്‌മെന്റിന്റെ ഡ്രഗ് പരിശോധനാ ലാബ് കോന്നിയിൽ വരുന്നു. സംസ്ഥാനത്തെ നാലാമത്തെ ലബോറട്ടറിയാണ് കോന്നിയിൽ ആരംഭിക്കുന്നത്.തിരുവനന്തപുരം, ഏറണാകുളം, തൃശൂർ എന്നിവിടങ്ങളിലാണ് നിലവിൽ ലബോറട്ടറി പ്രവർത്തിക്കുന്നത്.കോന്നി നിയോജക മണ്ഡലത്തിൽ അരുവാപ്പുലം പഞ്ചായത്തിൽ നെടുംപാറയിൽ ഗവ.മെഡിക്കൽ കോളേജിന് സമീപമുള്ള ഒരേക്കർ സ്ഥലത്താണ് ലാബ് നിർമ്മിക്കുന്നത്.ചീഫ് ഗവ.അനലിസ്റ്റായിരിക്കും ലാബിന്റെ മേലധികാരി.
3.8 കോടിയുടെ പദ്ധതി
3.8 കോടി രൂപ മുടക്കി മൂന്നു നിലയിലായാണ് കെട്ടിടം നിർമ്മിക്കുന്നത്. 16000 സ്‌ക്വയർ ഫീറ്റ് വിസ്തീർണമുള്ള കെട്ടിടത്തിന്റെ നിർമ്മാണം 2019 നവംബറിൽ ആരംഭിച്ചിരുന്നു. ഈ വർഷം ഡിസംബറോടെ നിർമ്മാണം പൂർത്തീകരിക്കും. താഴത്തെ നിലയിൽ അഡ്മിനിസ്‌ട്രേഷൻ വിഭാഗം, ലൈബ്രറി, സ്റ്റോർ, ഡയനിംഗ് ഹാൾ, കോൺഫറൻസ് ഹാൾ തുടങ്ങിയവയും, ഒന്നാം നിലയിലും, രണ്ടാം നിലയിലും ലബോറട്ടറിയുമാണ് നിർമ്മിക്കുന്നത്.
കേരളത്തിലെ ആദ്യ നോട്ടിഫൈഡ് ലാബ്
മെഡിക്കൽ ഉപകരണങ്ങളുടെ ക്വാളിറ്റി പരിശോധിക്കുന്ന കേരളത്തിലെ ആദ്യത്തെ നോട്ടിഫൈഡ് ലാബായാണ് കോന്നി മാറാൻ പോകുന്നത്. ഇൻസ്ട്രമെന്റേഷൻ, കെമിക്കൽ വിഭാഗങ്ങളിലായി നാല് ലാബുകളാണ് പ്രവർത്തനം ആരംഭിക്കുക. ഡ്രഗ്‌സ് കൺട്രോൾ ഡിപ്പാർട്ട്‌മെന്റിലെ എൻഫോഴ്‌സ്‌മെന്റ് വിഭാഗം വിവിധ സ്ഥലങ്ങളിൽ നിന്നു ശേഖരിക്കുന്ന അലോപ്പതി, ആയുർവേദ മരുന്നുകളും,കോസ്മെറ്റിക്സ് ഉൽപ്പന്നങ്ങളും ഈ ലാബിലാണ് പരിശോധിക്കുന്നത്.
നൂറോളം തൊഴിൽ സാദ്ധ്യത
ലാബ് ആരംഭിക്കുന്നതോടെ നൂറോളം ജീവനക്കാർ ഇവിടെ ജോലിക്കായി എത്തും. ലബോറട്ടറികൾക്ക് അക്രഡിറ്റേഷൻ നല്കുന്ന നാഷണൽ അക്രഡിറ്റേഷൻ ബോർഡിൽ നിന്നും കോന്നി ലാബിനും നിർമ്മാണം പൂർത്തിയാക്കിയ ശേഷം അംഗീകാരം നേടിയെടുക്കേണ്ടതുണ്ട്.ഇതിനാവശ്യമായ പ്രവർത്തനം ഡ്രഗ് കൺട്രോളർ ഓഫീസ് നടത്തും. ലബോറട്ടറിയുടെ എസ്റ്റിമേറ്റ് അടിയന്തരമായി തയാറാക്കി വർക്ക് ടെൻഡർ ചെയ്യാനും പുതിയ തസ്തിക അനുവദിക്കുന്നതിനും അഡീഷണൽ ഫണ്ടിനുള്ള പ്രൊപ്പോസൽ നല്കാനുമുളള നടപടികൾ പുരോഗമിക്കുന്നു.
കേരളത്തിനു തന്നെ അഭിമാനമാകാൻ പോകുന്ന ഡ്രഗ് ടെസ്റ്റിംഗ് ലാബ് സമുച്ചയമാണ് യാഥാർത്ഥ്യമാകാൻ പോകുന്നത്. പ്രവർത്തനങ്ങൾ കൃത്യ സമയത്ത് പൂർത്തീകരിക്കാനാവശ്യമായ കൂട്ടായ പ്രവർത്തനം നടന്നുവരുന്നു. സമയബന്ധിതമായി നിർമ്മാണം പൂർത്തിയാക്കാൻ ഉദ്യോഗസ്ഥ സമിതിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
കെ.യു. ജനീഷ് കുമാർ
(എം.എൽ.എ)