മാരാമൺ : ജില്ലാ പഞ്ചായത്ത് 20 ലക്ഷം രൂപ ചെലവഴിച്ച് നവീകരിക്കുന്ന പാലയ്ക്കാട്ട് ചിറ ചിറയിറമ്പ് തിരുവഞ്ചാംകാവ് റോഡുകളുടെ നിർമ്മാണം ആരംഭിച്ചു. തോട്ടപ്പുഴശ്ശേരി ഗ്രാമപഞ്ചായത്തിന്റെ 7,8,12 വാർഡുകളിൽ ഉൾപ്പെടുന്നതാണ് റോഡ്. റീ ടാറിംഗ്, ഐറീഷ് ഡ്രെയിൻ എന്നിവ നടത്തിയാണ് പുനരുദ്ധരിക്കുന്നത്. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോർജ്ജ് മാമ്മൻ കൊണ്ടൂരിന്റെ നിർദ്ദേശത്തെ തുടർന്ന് പൊതുമരാമത്ത് വികസന ഫണ്ടിൽ നിന്നാണ് ജില്ലാ പഞ്ചായത്ത് ഇതിനുള്ള തുക അനുവദിച്ചത്.
ചെട്ടിമുക്ക് തോണിപ്പുഴ റോഡിൽ തിരുവഞ്ചാംകാവ് ക്ഷേത്രം മുതൽ ചിറയിറമ്പ് ജംഗ്ഷൻ വരെയും പാലയ്ക്കാട്ട് ചിറ മുതൽ തിരുവഞ്ചാംകാവ് വരെയുള്ള ഭാഗമാണ് സഞ്ചാരയോഗ്യമാക്കുന്നത്.
നാലുമണിക്കാറ്റ് പദ്ധതിയിലൂടെ ജില്ലാ പഞ്ചായത്ത് ആരംഭിച്ച വഴിയോര വിശ്രമകേന്ദ്രത്തിലേക്കും, ഗ്രാമപഞ്ചായത്തിന്റെ പ്രധാന നെല്ലറയായ നെടുമ്പ്രയാർ പുഞ്ചയിലേക്കുമുള്ള പ്രധാന പാതകളാണിവ. കർഷകർ കൃഷിക്കാവശ്യമായ വിത്തും വളവും കൊണ്ടുപോകുന്നതും, യന്ത്രസാമഗ്രികൾ പുഞ്ചയിലേക്കിറങ്ങുന്നതും ഇതുവഴിയാണ്. ഇരുറോഡുകളുടെയും നിർമ്മാണം പൂർത്തിയാകുന്നതോടെ നൂറുകണക്കിന് പ്രദേശവാസികളുടെ യാത്രാദുരിതത്തിനും പരിഹാരമാകും.