ചിറ്റാർ : കുടപ്പനക്കുളം പടിഞ്ഞാറെ ചരുവിൽ മത്തായിയെ കസ്റ്റഡിൽ എടുത്ത് മർദ്ദിച്ച് കൊലപ്പെടുത്തിയ ഫോറസ്റ്റ് ഉദ്യോഗസ്ഥരെ സർക്കാർ സംരക്ഷിക്കുകയാണെന്ന് കോൺഗ്രസ് രാഷ്ട്രീയ കാര്യസമിതി അംഗം പ്രൊഫ.. പി.ജെ കുര്യൻ പറഞ്ഞു. പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ചിറ്റാർ ഫോറസ്റ്റ് സ്റ്റേഷനു മുമ്പിൽ നടത്തുന്ന റിലേ സത്യാഗ്രത്തിന്റെ രണ്ടാം ദിവസം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പിണറായി സർക്കാർ അധികാരം ഏറ്റനാൾ മുതലുള്ള കസ്റ്റഡി കൊലപാതക പരമ്പരയിലെ അവസാനത്തെ ഇരയാണ് മത്തായിയെന്ന് അദ്ദേഹം പറഞ്ഞു. ആന്റോ ആന്റണി എം.പി. , ഡി.സി.സി വൈസ് പ്രസിഡന്റ് അനിൽ തോമസ്, സാമുവൽ കിഴക്കുപുറം, റോയിച്ചൻ എഴിക്കകത്ത്, പി.കെ.ഗോപി എന്നിവരാണ് രണ്ടാം ദിവസം സത്യാഗ്രഹം അനുഷ്ഠിച്ചത്. സമാപന സമ്മേളനം ഡി.സി.സി പ്രസിഡന്റ് ബാബു ജോർജ്ജ് ഉദ്ഘാടനം ചെയ്തു. സുനിൽ എസ്. ലാൽ, എ.ഷംസുദീൻ, എ. ബഷീർ, ശശീധരൻ കോതകത്ത്, രവി കണ്ടത്തിൻ, ബി. ഹനീഫ,ശാന്തമ്മ ചെല്ലമ്മ, ജോയൽ മാത്യു, സജി കുളത്തുങ്കൽ, അജയൻപിള്ള ആനിക്കനാട്ട്, രാജു കലപ്പ മണ്ണിൽ, മാത്യു തോമസ് എന്നിവർ പ്രസംഗിച്ചു. മൂന്നാം ദിവസമായ ഇന്ന് റിലേ സത്യാഗ്രഹം മുൻ ഡി.സി.സി പ്രസിഡന്റ് പി.മോഹൻ രാജ് ഉദ്ഘാടനം ചെയ്യും.