പത്തനംതിട്ട: ചിറ്റാർ പടിഞ്ഞാറെ ചരുവിൽ പി.പി.മത്തായിയുടെ കസ്റ്റഡി മരണത്തിന് ഉത്തരവാദികളായ മുഴുവൻ ഉദ്യോഗസ്ഥർക്കെതിരെയും നരഹത്യക്ക് കേസെടുക്കണമെന്ന് ഓർത്തഡോക്സ് സഭ തുമ്പമൺ ഭദ്രാസന മാനേജിംഗ് കമ്മിറ്റിയോഗം മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. ഓർത്തഡോക്സ് സഭ മുൻ അസോസിയേഷൻ മെമ്പറുകൂടിയായ പി.പി. മത്തായിയുടെ കസ്റ്റഡി മരണം കഴിഞ്ഞിട്ട് എട്ട് ദിവസമായി. മത്തായിയുടെ കുടുംബത്തിന് ഇതുവരെ നീതി ലഭിച്ചിട്ടില്ല. പ്രായാധിക്യത്തിലുള്ള മാതാവ്, ഭാര്യ, പെൺകുഞ്ഞുങ്ങൾ, വിധവകളായ സഹോദരിമാർ എന്നിവരുടെ ഏക ആശ്രയമായ മത്തായിയുടെ മരണത്തിലേക്ക് നയിച്ചത് വനപാലകരുടെ ക്രൂരമായ ഇടപെടലാണ്. മത്തായിയുടെ കുടുംബത്തിന് സർക്കാർ അടിയന്തരമായി സാമ്പത്തിക സഹായം അനുവദിക്കുകയും സ്ഥിരവരുമാനത്തിന് സർക്കാർ ജോലി നൽകുകയും ചെയ്യണമെന്ന് ആവശ്യപ്പെട്ടു. തോമസ് ജോൺസൺ കോർ എപ്പിസ്കോപ്പയുടെ അദ്ധ്യക്ഷതയിൽ ഫാ.ചെറിയാൻ ടി.ശാമുവേൽ,പ്രതിഷേധ പ്രമേയം അവതരിപ്പിച്ചു.ഫാ.കെ.വി. പോൾ, ഫാ. റോയി പി. തോമസ്, പ്രഫ. ജോർജ് വർഗീസ് കൊപ്പാറ, റെജി മാത്യു, അലക്സ് കെ. പോൾ,ബാബുജി ഈശോ എന്നിവർ സംസാരിച്ചു.