പത്തനംതിട്ട : മഞ്ഞ അലർട്ടിന്റെ പശ്ചാത്തലത്തിൽ മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ ഉൾപ്പെടെ ദുരന്ത സാദ്ധ്യതകൾ ഒഴിവാക്കുന്നതിനായി ജില്ലയിലെ എല്ലാ ക്വാറികളുടെയും പ്രവർത്തനം ആഗസ്റ്റ് 10 വരെ നിറുത്തിവച്ച് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർമാനും ജില്ലാ കളക്ടറുമായ പി.ബി. നൂഹ് ഉത്തരവായി.
ജില്ലയിലെ ക്വാറികൾ ഈ ദിവസങ്ങളിൽ പ്രവർത്തിക്കുന്നില്ലെന്ന് ജില്ലാ പൊലീസ് മേധാവി, തിരുവല്ല സബ് കളക്ടർ, അടൂർ ആർഡിഒ, ബന്ധപ്പെട്ട തഹസിൽദാർമാർ എന്നിവർ ഉറപ്പ് വരുത്തണം. നിർദേശങ്ങൾ ലംഘിക്കുന്നവർക്കെതിരെ ദുരന്ത നിവാരണ നിയമം 2005 പ്രകാരം കർശന നടപടികൾ സ്വീകരിക്കും.
കേന്ദ്ര കാലാവസ്ഥാ വകുപ്പ് ആഗസ്റ്റ് അഞ്ചു മുതൽ ഒൻപതു വരെ തുടർച്ചയായ അഞ്ചു ദിവസം പത്തനംതിട്ട ജില്ലയിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ദിവസങ്ങളിൽ അതിശക്തമായ മഴയ്ക്ക് സാദ്ധ്യതയുണ്ട്. തുടർച്ചയായ ദിവസങ്ങളിൽ അതിശക്തമായ മഴ പെയ്യുന്നത് മണ്ണിന്റെ ഘടനയെയും, സ്ഥിരതയെയും ബാധിക്കും. ഈ സാഹചര്യത്തിൽ ക്വാറികളുടെയും, ക്രഷർ യൂണിറ്റുകളുടെയും പ്രവർത്തനം മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ എന്നിവയ്ക്ക് കാരണമാകാൻ സാദ്ധ്യതയുള്ളതു കണക്കിലെടുത്താണ് നിരോധനം ഏർപ്പെടുത്തിയത്.
ക്വാറികൾ തുറന്ന് പ്രവർത്തിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടാൽ ജനങ്ങൾ അതത് താലൂക്കുകളിലെ കൺട്രോൾ റൂമുകളിൽ വിവരം അറിയിക്കണം. ജില്ലാതല, താലൂക്ക് തല കൺട്രോൾ റൂമുകളുടെ ഫോൺ നമ്പർ: ജില്ലാ എമർജൻസി ഓപ്പറേഷൻസ് സെന്റർ 04682322515, 9188297112. ജില്ലാ കളക്ടറേറ്റ് 04682222515. താലൂക്ക് ഓഫീസ്അടൂർ 04734224826. താലൂക്ക് ഓഫീസ് കോഴഞ്ചേരി 04682222221. താലൂക്ക് ഓഫീസ് കോന്നി 04682240087. താലൂക്ക് ഓഫീസ് റാന്നി 04735227442. താലൂക്ക് ഓഫീസ് മല്ലപ്പള്ളി 04692682293. താലൂക്ക് ഓഫീസ് തിരുവല്ല 04692601303.