ചെങ്ങന്നൂർ: കല്ലിശേരി ക്‌നാനായ കത്തോലിക്കാ പള്ളി, ചെങ്ങന്നൂർ നഗരത്തിലെ മലങ്കര കത്തോലിക്കാ പള്ളി എന്നിവിടങ്ങളിലെ വൈദികൻ മാർക്ക് കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ കല്ലിശേരിയിലെ വൈദികന്റെ സമ്പർക്ക ലിസ്റ്റിൽ പെട്ട കല്ലിശേരി കോൺവെന്റിലെ കന്യാസ്ത്രീക്കും കൊവിഡ് പോസിറ്റീവ്. ഇതേത്തുടന്ന് സിസ്റ്റർ സമ്പർക്കം പുലർത്തി എന്നു കരുതുന്ന കല്ലിശേരിയിലെ പലചരക്ക് വ്യാപാര സ്ഥാപനവും ,മെഡിക്കൽ ഷോപ്പും ആരോഗ്യ വകുപ്പ് എത്തി അടപ്പിച്ചു. വൈദികനുമായി പ്രാഥമിക സമ്പർക്കം പുലർത്തിയ 62 പേരുടെ സ്രവ പരിശോധന വെളളിയാഴ്ച നടത്തും. കല്ലിശേരി കോൺവെന്റിലെ 17 സിസ്റ്റർ മാരിൽ ഒരാൾക്കാണ് കൊവിഡ് സ്ഥിരികരിച്ചത്. ഇവരെ പത്തനംതിട്ട ജനറൽ ആശുപത്രിയിലേയ്ക്ക് മാറ്റി. പ്രാഥമിക ലിസ്റ്റിൽ ഉൾപ്പെട്ട വരെ ക്വാറന്റൈൻ ചെയ്തതായി ഇരമല്ലിക്കര പ്രാഥമിക ആരോഗ്യ കേന്ദ്രം അറിയിച്ചു. ഇന്നലെ ചെങ്ങന്നൂർ ജില്ലാ ആശുപത്രിയിൽ 13 പേരുടെ ലിസ്റ്റുകൂടി സ്രവ പരിശോധനയ്ക്ക് എത്തിയിട്ടുണ്ട്. ആലയിൽ നിന്നും ആറു പേരും, തിരുവൻവണ്ടൂരിൽ നിന്നുമുള്ള ഏഴു പേരുമാണ്. ഇവരുടെ പരിശോധന അടുത്ത ദിവസങ്ങളിൽ നടക്കും. വൈദികർ സമ്പർക്കം പുലർത്തിയ പ്രാഥമിക ലിസ്റ്റും പ്രകാരമുള്ള 129 പേരുടെ സ്രവ പരിശോധന കഴിഞ്ഞ ദിവസം നടന്നു. ഇതിൽ എല്ലാവരുടെയും പരിശോധനാ ഫലം നെഗറ്റീവാണന്ന് ചെങ്ങന്നൂർ ജില്ലാ ആശുപത്രി അധികൃതർ അറിയിച്ചു. ഇതിൽ നഗരസഭയിലെ 62ഉം ബാക്കി 67 പേർ വിവിധ പഞ്ചായത്തിൽ വൈദിക സമ്പർക്കത്തിൽ പെട്ടവരുമാണ്. അതിൽ ഇന്നലെ എത്തിയ 129 പേരുടെ പരിശോധനയാണ് നടത്തിയത്.സമ്പർക്ക പട്ടികയിലുള്ള ചെങ്ങന്നൂർ സെന്റ് ആൻസ് കോൺവെന്റിലെ 12 ഓളം കന്യാസ്ത്രീകൾ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ സ്രവ പരിശോധന നടത്തുമെന്ന് ആരോഗ്യ വകുപ്പിനെ അറിയിച്ചിട്ടുണ്ട്. ഇതോടെ 204 പേർ ഇതുവരെ വൈദികരുമായി സമ്പർക്കത്തിൽ ഏർപെട്ടതായാണ് ആരോഗ്യ വകുപ്പിന്റെ കണ്ടെത്തൽ .അതേസമയം സമ്പർക്ക പട്ടിക ഇനിയും പൂർണമായിട്ടില്ല. ഇന്നും പരിശോധന തുടരും.