കോന്നി: ആനയടി- കൂടൽ റോഡിലെ കോന്നി മണ്ഡലത്തിലെ കൊച്ചുകൽ മുതൽ നെടുമൺകാവ് വരെയുള്ള 6 കിലോമീറ്റർ ഭാഗത്തെ പണികൾ അടുത്തമാസം പൂർത്തീകരിക്കും. 109 കോടി രൂപ നിർമ്മാണ ചെലവിൽ ആനയടി മുതൽ കൂടൽ വരെ 35 കിലോമീറ്റർ ദൂരമാണ് 10 മീറ്റർ വീതിയിൽ ബി. എം ആൻഡ് ബി.സി നിലവാരത്തിൽ പുനർ നിർമ്മിക്കുന്നത്. മാവേലിക്കര മെറ്റാ ഗാർഡ് എന്ന നിർമ്മാണ കമ്പനിയാണ് കരാർ ഏറ്റെടുത്തിരിക്കുന്നത്.കൊല്ലം,ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലൂടെ കടന്നുപോകുന്ന പ്രധാന പാതയാണിത്.
കോന്നി നിയോജക മണ്ഡലത്തിൽ ഉൾപ്പെടുന്ന ഭാഗത്തെ ഓടപണി 80 ശതമാനം പൂർത്തിയായി. സൈഡ് കെട്ടുന്ന ജോലികൾ 90 ശതമാനവും പൂർത്തിയായി. കലുങ്കുകളുടെ നിർമ്മാണവും പൂർത്തിയായി. കല്ലേലി തോട് പാലം പൊളിച്ചുപണിയുന്ന ജോലി തുടങ്ങിയിട്ടില്ല. തോട്ടിലെ വെള്ളം പണിക്ക് തടസമാകുന്നുണ്ട്. കെ.യു. ജനീഷ് കുമാർ എം.എൽ.എ പ്രവർത്തനങ്ങൾ വിലയിരുത്തി. ബ്ലോക്ക് പഞ്ചായത്ത് അംഗം ടി. എൻ. സോമരാജൻ ,ഗ്രാമപഞ്ചായത്തംഗം പി.വി.ജയകുമാർ, പൊതുമരാമത്ത് നിരത്തു വിഭാഗം എക്‌സി.എൻജിനീയർ ഷീന രാജൻ, അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എൻജിനീയർ ബി.ബിനു, അസി. എൻജിനീയർ മുരുകേശ് എന്നിവരും സന്ദർശനത്തിൽ പങ്കെടുത്തു.