കോന്നി : വന്യമൃഗശല്യത്തിൽ നിന്ന് കൃഷി സംരക്ഷിക്കാൻ സ്വന്തം പുരയിടത്തിൽ സ്ഥാപിച്ചിരുന്ന സൗരോർജ്ജ വേലിയിൽ നിന്ന് ഷോക്കേറ്റ് കർഷകൻ മരിച്ചു. വി.കോട്ടയം എഴുമൺ പുതുവേലിൽ വീട്ടിൽ മനോഹരൻ (63) ആണ് മരിച്ചത്. ഇന്നലെ രാവിലെയാണ് സംഭവം. കാട്ടുപന്നി ഉൾപ്പടെയുള്ള വന്യമൃഗങ്ങൾ കൃഷി നശിപ്പിക്കുന്നത് തടയാനാണ് സൗരോർജ വേലികൾ സ്ഥാപിച്ചത്. ഇന്നലെ രാവിലെ പറമ്പിലേക്ക് പോയ മനോഹരന് അബദ്ധത്തിൽ സൗരോർജ വേലിയിൽ തട്ടി ഷോക്ക് ഏൽക്കുകയായിരുന്നെന്ന് കരുതുന്നു. കോന്നി പൊലീസ് മേൽനടപടി സ്വീകരിച്ചു. മൃതദേഹം പത്തനംതിട്ട ജനറൽ ആശുപത്രി മോർച്ചറിയിൽ. ഭാര്യ : വത്സല. മക്കൾ : രഞ്ചിത്ത്, ശരത്ത്, സുജിത്ത് , സുമിത്ത്. മരുമകൾ : ദീപ.