കൊടുമൺ: ലോകത്തെ ഞെട്ടിച്ച ഹിരോഷിമ - നാഗസാക്കി ദിനത്തെ അനുസ്മരിച്ച് യുദ്ധത്തിനെതിരെ സ്വന്തം വീടിന്റെ ഭിത്തികൾ ക്യാൻവാസാക്കിയിരിക്കുകയാണ് ഇൗ കുടുംബം . പത്തനംതിട്ട കൊടുമൺ ഇടത്തിട്ട കല്ലുംപുറത്ത് കെ.ജി.അനിൽ കുമാറും കുടുംബവുമാണ് യുദ്ധത്തിനെതിരെ നിറങ്ങൾ കൊണ്ട് പോരാട്ടം നടത്തുന്നത്. കൊവിഡ് എന്ന മഹാമാരിക്ക് പിന്നാലെ ഒരു യുദ്ധ സാഹചര്യം കൂടി താങ്ങാനുള്ള ശക്തി മനുഷ്യരാശിക്കില്ല. യുദ്ധം സൃഷ്ടിക്കുന്ന വലിയ സാമൂഹിക, ആരോഗ്യ, സാമ്പത്തിക പ്രതിസന്ധികൾ തലമുറകളോളം നിലനിൽക്കും. ഇതിനാൽ യുദ്ധവിരുദ്ധ സന്ദേശങ്ങളുടെ പ്രാധാന്യം ഏറിവരികയാണെന്ന് അനിൽകുമാർ പറഞ്ഞു. അഗസ്റ്റ് 6 ഹിരോഷിമ ദിനത്തിന്റെയും ആഗസ്റ്റ് 9 നാഗസാക്കി ദിനത്തിന്റെയും പശ്ചാത്തലത്തിലാണ് ഇങ്ങനെ ഒരാശയം ഉടലെടുത്തത്. പത്തനംതിട്ടയിൽ ചിത്രകലാ അദ്ധ്യാപകനായി ജോലി നോക്കുന്ന അനിൽകുമാർ മാവേലിക്കര രാജരവിവർമ്മ കോളജിലാണ് പഠനം നടത്തിയത്. കേരള ലളിതകലാ അക്കാദമിയുടെ വിവിധ ക്യാമ്പുകളിലും പ്രദർശനങ്ങളിലും സജീവ സാനിദ്ധ്യമാണ്. അക്രലിക് കളർ ഉപയോഗിച്ചാണ് ചിത്രരചന. ഭാര്യ സനിലയും മകൾ അനഘയും വരയുടെ ലോകത്ത് സജീവമാണ്.