പെരിങ്ങനാട് : കനത്ത മഴയെ തുടർന്നുണ്ടായ കാറ്റിൽ മരങ്ങൾ കടപുഴകി വീണ് വീടുകൾക്കും കാർഷിക വിളകൾക്കും വ്യാപക നാശം. പെരിങ്ങനാട് മുണ്ടപ്പള്ളി അരിപ്പാട്ട് തടത്തിൽ അശോകന്റെ വീടിന് മുകളിൽ മരം വീണ് മേൽക്കൂര തകർന്നു. മാതാവ് വിലാസിനി (75) ക്ക് പരിക്കേറ്റു. ഇവരെ സ്വകാര്യ മെഡിക്ക ൽ കോളേജിൽ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച പുലർച്ചെ 3.45നാണ് സംഭവം. വീടിനോട് ചേർന്നുള്ള ഷെഡ്ഡിൽ ഉണ്ടായിരുന്ന കാറും ബൈക്കും പൂർണമായി തകർന്നു. കൂറ്റൻ പാലമരമാണ് വീടിന് മുകളിലെക്ക് വീണത്.
ബ്ലോക്ക് പഞ്ചായത്ത് അംഗം പഴകുളം തെങ്ങുംതാര കുറംങ്കോണത്ത് രമാ ജോഗിറിന്റെ വീട് മരം വീണ് തകർന്നു. മുണ്ടപ്പള്ളി സുരേഷ് ഭവനിൽ സുരേഷിന്റെ വീടിനും കേടുപാടുകളുണ്ടായി. ഏറത്ത് തുവയൂർ വടക്ക് മലമേശേരിൽ രാമചന്ദ്രൻ പിള്ള, മണ്ണടി കൊച്ചയിൽ തെക്കേതിൽ ലളി താംബിക എന്നിവരുടെ വീടും തകർന്നു. പള്ളിക്കൽ ഏഴാം വാർഡിൽ വാഴക്കൃഷി നശിച്ചു. ഇവിടെ നൂറ് വാഴ ഒടിഞ്ഞുവീണു.
ഏനാദിമംഗലത്ത് മരുതിമൂട് കൊല്ലായിക്കോട് ഐസക്കിന്റെ 800 മൂട് വെറ്റക്കൊടി നശിച്ചു. പെരിങ്ങനാട് സുരഭിയിൽ സുരേന്ദ്രന്റെ അൻപത് മൂട് വാഴ ഒടിഞ്ഞുവീണു. ഒാണം വിപണി ലക്ഷ്യമിട്ട് നട്ടവാഴകളാണ് നശിച്ചത്.
പന്തളത്തും കനത്ത നാശം
പന്തളം: ശക്തമായ കാറ്റിനെ തുടർന്ന് തോട്ടക്കോണം മുടിയൂർക്കോണം പ്രദേശങ്ങളിൽ വ്യാപക നാശനഷ്ടമുണ്ടായി മരങ്ങൾ കടപുഴകി വീണു. വീടുകൾക്കും മതിലുകൾക്കും നാശം സംഭവിച്ചു. വൈദ്യുതി പോസ്റ്റുകൾ ഒടിഞ്ഞു, ലൈനുകൾ പൊട്ടിവീണു. നിരവധി ആളുകളുടെ വാഴകൃഷികൾ പൂർണ്ണമായും നശിച്ചു. നാശനഷ്ടമുണ്ടായവർക്ക് അടിയന്തര സഹായമെത്തിക്കണമെന്ന് കൗൺസിലർ കെ.ആർ.വിജയകുമാർ ആവശ്യപ്പെട്ടു.