പത്തനംതിട്ട : പൊൻകുന്നം - മൂവാറ്റുപുഴ റോഡ് നിർമ്മാണം പുരോഗമിക്കുമ്പോൾ മൈലപ്രയിൽ അപ്രത്യക്ഷമാകുന്ന മൂന്ന് വളവുകളുണ്ട്. പഴമക്കാരുടെ ഒാർമ്മയുടെ ഭാഗമാണ് ഇൗ വളവുകൾ. മണ്ണാറക്കുളഞ്ഞി കഴിഞ്ഞാണ് ഒന്നാം വളവും രണ്ടാം വളവും മൂന്നാം വളവും. ഒരു ഭാഗത്ത് പാറയും മറുഭാഗത്ത് വലിയ കുഴിയുമുള്ള ഇവിടം നിരവധി അപകടങ്ങൾക്ക് കാരണമായ വളവുകളാണ്. യാത്രക്കാരെ ഭയപ്പെടുത്തിയ വളവെന്നും പറയാം. പണ്ട് കാളയേയും കൊണ്ട് തമിഴ്നാട്ടിൽ നിന്ന് പൊൻകുന്നം ചന്തയിലേക്ക് വന്ന തമ്പി എന്നയാൾ ഇവിടെ ആക്രമിക്കപ്പെട്ടിരുന്നു. രണ്ടാം വളവിലെ കലുങ്കിനടിയിൽ ഞണ്ടും മീനും തിന്ന് വികൃതമായ തമ്പിയുടെ മൃതദേഹമാണ് പിന്നീട് കണ്ടെത്തിയത്. തമ്പിയുടെ കാള കാട്ടിലേക്ക് ഓടിപ്പോയെന്ന് കരുതുന്നു. പിടിച്ചുപറിക്കാരും കള്ളൻമാരും ഈ പാറക്കെട്ടുകളിൽ മറഞ്ഞിരുന്ന് യാത്രക്കാരെ ആക്രമിക്കാറുണ്ടായിരുന്നു. പിന്നീട് ഇവിടെ പകൽ പോലും ആരും ഇറങ്ങി നടക്കില്ലായിരുന്നുവെന്ന് പഴമക്കാർ പറയുന്നു. വർഷങ്ങൾ കഴിഞ്ഞാണ് ഇവിടെ ജനവാസം തുടങ്ങിയത്.

------------

* പുനലൂർ- മൂവാറ്റുപുഴ റോഡിന്റെ പൊൻകുന്നം മുതൽ പുനലൂർ വരെ വികസിപ്പിക്കാൻ 700 കോടി രൂപയാണ് ചെലവഴിക്കുന്നത്. 14 മീറ്റർ വീതിയിലാണ്‌ നിർമ്മാണം. 12 മീറ്റർ വീതിയിൽ ടാറിംഗ് നടത്തും. ഒന്നര മീറ്റർ വീതിയിൽ ഇരുവശത്തും നടപ്പാത ഉണ്ടാവും. വലിയ വളവുകളെല്ലാം നിവർത്തിയാണ് റോഡ് വികസിപ്പിക്കുന്നത്. ബസ് ബേകളും ടൗണുകളിൽ നടപ്പാതയുടെ വശത്ത് കൈവരികളും ഉണ്ടാകും.

--------------------

" ഇൗ വളവുകൾ ഭീതി പടർത്തിയിരുന്ന കാലമുണ്ടായിരുന്നു. കള്ളൻമാരും പിടിച്ചുപറിക്കാരും വിലസി നടന്ന സ്ഥലമായിരുന്നു . ജനവാസമായതോടെയാണ് ആളുകളുടെ ഭയം മാറിയത്. അമ്പതിലധികം അപകടങ്ങളെങ്കിലും വളവുകളിൽ നടന്നിട്ടുണ്ടാകും."

ഗീവർഗീസ് തറയിൽ

(മൈലപ്ര സ്വദേശി )