പത്തനംതിട്ട: അസിസ്റ്റന്റ് ഡെന്റൽ സർജൻ തസ്തികയുടെ റാങ്ക് ലിസ്റ്റ് കാലാവധി ഈമാസം 30ന് അവസാനിക്കാനിരിക്കെ ഉദ്യോഗാ‌ത്ഥികൾ ആശങ്കയിൽ. പി.എസ്.സി വീണ്ടും വിജ്ഞാപനമിറക്കിയത് ആശങ്ക വർദ്ധിപ്പിച്ചിട്ടുണ്ട്. 2017ൽ പ്രസിദ്ധീകരിച്ച 467പേരുടെ പട്ടികയിൽ നിന്ന് 10 പേർക്ക് മാത്രമാണ് നിയമനം ലഭിച്ചത്. ജില്ല, ജനറൽ, താലൂക്ക് ആശുപത്രികളിലായി 132 അസിസ്റ്റന്റ് ഡെന്റൽ സർജൻമാരാണുള്ളത്.
സാമൂഹികാരോഗ്യ കേന്ദ്രങ്ങളിലടക്കം 134 തസ്തിക സൃഷ്ടിച്ച് പട്ടികയിലുള്ളവരെ നിയമിക്കുമെന്ന് 2018ൽ മന്ത്രി കെ.കെ. ശൈലജ പ്രഖ്യാപിച്ചെങ്കിലും നടപ്പായില്ല. സംസ്ഥാനത്ത് പ്രതിവർഷം രണ്ടായിരം ബി.ഡി.എസ് ബിരുദധാരികളാണ് പുറത്തിറങ്ങുന്നത്. സർക്കാർ ആശുപത്രികളിൽ നിയമനമില്ലാത്തതും തസ്തികകൾ കുറഞ്ഞതും കാരണം ഇവർ സ്വകാര്യ ഡെന്റൽ ക്ലിനിക്കുകൾ ആരംഭിക്കുകയാണ് ചെയ്യുന്നത്.
ആരോഗ്യ മേഖലയിൽ കുറവ് നിയമനം നടക്കുന്നത് ഡെന്റൽ മേഖലയിലാണ്.


ഡെന്റൽ സർജൻമാരുടെ കണക്കിങ്ങനെ

 ലോകാരോഗ്യ സംഘടനയുടെ കണക്കിൽ 7500 പേർക്ക് വേണ്ട ഡോക്ടർ - 1
 സംസ്ഥാനത്തെ 3 കോടി ജനത്തിന് വേണ്ടത് - 4066


 2017ൽ പ്രസിദ്ധീകരിച്ച പി.എസ്.സി ലിസ്റ്റിലുള്ളവർ- 467
 നിയമനം ലഭിച്ചവർ- 10
 ജില്ല, ജനറൽ, താലൂക്ക് ആശുപത്രികളിലെ അസി. സർജൻമാർ- 132
-------------

 വായിലെ അർബുദം കൂടുന്നു

ആരോഗ്യകേരളവും പട്ടികവർഗ വികസനവകുപ്പും നടത്തിയ പഠനത്തിൽ ഗ്രാമീണ, ആദിവാസി മേഖലകളിലെ 25 ശതമാനം ആളുകളുടെ വായിൽ അർബുദ ലക്ഷണങ്ങൾ കണ്ടെത്തിയിട്ടുണ്ട്.
-------------
'നിലവിലെ റാങ്ക് പട്ടികയിൽ നിന്ന് ഉടൻ നിയമനം നടത്തണം. പലരും പ്രായപരിധി പിന്നിടുന്നതിനാൽ സർക്കാർ മേഖലയിൽ ഇനിയൊരു അവസരം ലഭിക്കില്ല. പുതിയ തസ്തികകൾ സൃഷ്ടിക്കുമെന്ന സർക്കാർ വാഗ്ദ്ധാനം നടപ്പാക്കണം".

- അനീഷ് മോഹൻ,
അസി.ഡെന്റൽ സർജൻ റാങ്ക് ഹോൾഡേഴ്സ് അസോ. സംസ്ഥാന പ്രസിഡന്റ്