പത്തനംതിട്ട : ലോക്ക് ഡൗൺ അഞ്ചു മാസം തികയുമ്പോൾ കൊവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട വിവിധ പ്രവർത്തനങ്ങളിൽ ഇടപെട്ട് കളംനിറഞ്ഞു നിൽക്കുകയാണ് പത്തനംതിട്ട ജില്ലാപോലീസ്. രോഗവ്യാപനം തടയുന്നതിന് ആവിഷ്‌കരിക്കപ്പെട്ട നിയന്ത്രണങ്ങളും നിബന്ധനകളും ജില്ലാ ഭരണകൂടത്തിനും ആരോഗ്യവകുപ്പിനുമൊപ്പം നടപ്പാക്കുന്നതിന് അക്ഷീണമായി പ്രവർത്തനങ്ങൾ നടത്തിവരികയാണ്.
വാഹനപരിശോധന, ക്വാറന്റൈൻ ലംഘനങ്ങൾക്കെതിരെ ശക്തമായ നടപടികൾ, സാമൂഹിക അകലം തുടങ്ങിയ ശുചിത്വ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്തവർക്കെതിരായ നിയമനടപടികൾ, അതിഥി തൊഴിലാളികളുടെ ക്ഷേമം ഉറപ്പാക്കൽ, ഓൺലൈൻ പഠനത്തിന് സൗകര്യമില്ലാത്ത അർഹരായ കുട്ടികൾക്ക് സഹായങ്ങൾ എത്തിക്കൽ, അവശ്യസാധനങ്ങൾ എത്തിച്ചുകൊടുക്കൽ, ജനമൈത്രി എസ് പി സി സംവിധാനങ്ങൾ പ്രയോജനപ്പെടുത്തി വിവിധ ജീവകാരുണ്യപ്രവർത്തനങ്ങൾ നടപ്പിലാക്കൽ, ലോക്ക് ഡൗൺ കാലത്തെ ദൗർലഭ്യം മുതലെടുത്തു മദ്യലഹരി ഉത്പന്നങ്ങൾ എന്നിവയുടെ അനധികൃത നിർമാണം വിതരണം തുടങ്ങിയ കുറ്റകൃത്യങ്ങൾ തടയൽ, തുടങ്ങി എണ്ണിയാലൊടുങ്ങാത്ത പ്രവർത്തനങ്ങൾ വിശ്രമമില്ലാതെ കാഴ്ചവച്ചു മുന്നേറുകയാണ് ജില്ലയിലെ പൊലീസ്.
യോഗങ്ങൾ ഓൺലൈനിലാക്കിയപ്പോൾ സമയാസമയമുള്ള കോൺഫറൻസുകളും മറ്റും ഓൺലൈനിൽ പോലീസിന്റെ ക്രൈം ഡ്രൈവ് എന്ന മൊബൈൽ ആപ്പിലൂടെ ജില്ലയിൽ പോലീസിന്റെ വിവിധ മീറ്റിംഗുകൾ നടത്തിയതും കോടതികളുടെ പ്രവർത്തനം മുടങ്ങിയ കാരണത്താൽ പ്രതിയെ വീഡിയോ കോൺഫറൻസിലൂടെ കോടതിയിൽ ഹാജരാക്കിയതും ജില്ലാ പോലീസിന് എടുത്തുപറയത്തക്ക ലോക്ക് ഡൗൺകാല നേട്ടങ്ങളാണ്.

ലോക്ക് ഡൗൺ തുടങ്ങിയതു മുതൽ ജില്ലാപൊലീസ് ആസ്ഥാനത്തു 24 മണിക്കൂറും പ്രവർത്തിക്കുന്ന കൊവിഡ് കൺട്രോൾ റൂമിന്റെ പ്രവർത്തനവുമുണ്ട്
ലോക്ക് ഡൗൺ തുടങ്ങി അഞ്ച് മാസമാകുമ്പോൾ ഇന്നലെ വരെ ജില്ലയിൽ 19,129 കേസുകളാണ് രജിസ്റ്റർ ചെയ്തത്. 19,900 പേരെ അറസ്റ്റ് ചെയ്യുകയും 14,323 വാഹനങ്ങൾ പിടിച്ചെടുക്കുകയും ചെയ്തതായി ജില്ലാപോലീസ് മേധാവി കെ.ജി സൈമൺ അറിയിച്ചു.