ചെങ്ങന്നൂർ: കെ.എസ്.ആർ.ടി സി ചെങ്ങന്നൂർ ഡിപ്പോയിൽ കൊവിഡ് സ്ഥിരീകരിച്ച ജീവനക്കാരുടെ സമ്പർക്ക പട്ടിക പൂർത്തിയായി. ഇന്നലെ മൂന്നുപേരുടെ സ്രവ പരിശോധന നടത്തിയതോടെയാണ് പരിശോധന പൂർത്തിയായത്. ഇതുവരെ ഫലമറിഞ്ഞ എല്ലാവരും നെഗറ്റീവാണ്.
വൈദികർ സമ്പർക്കം പുലർത്തിയ 129 പേരുടെ സ്രവ പരിശോധന കഴിഞ്ഞ ദിവസങ്ങളിൽ നടന്നു. ഇന്നലെ മുളക്കുഴ, ആല, പുലിയൂർ, ഇരമല്ലിക്കര എന്നിവിടങ്ങളിൽ നിന്നുള്ള 24 പേരുടെ സ്രവ പരിശോധനകൂടി നടത്തിയതായി ചെങ്ങന്നൂർ ജില്ലാ ആശുപത്രി അധികൃതർ അറിയിച്ചു. ഇതുവരെ 153 പേരുടെ സ്രവ പരിശോധനയാണ് നടന്നത്. കല്ലിശേരി ക്നാനായ കത്തോലിക്കാ പള്ളിയിലെ വൈദികനുമായി സമ്പർക്കം പുലർത്തിയ 62 പേരുടെ സ്രവ പരിശോധന ഇന്ന് നടക്കും.
ചെങ്ങന്നൂരിൽ സമ്പർക്കം ചെയ്ത കല്ലിശേരി, ചെങ്ങന്നൂർ, തിരുവൻവണ്ടൂർ, പുലിയൂർ, കോടുകുളഞ്ഞിആല, മുളക്കുഴ നികരും പുറം എന്നിവിടങ്ങളിലെ ദേവാലയങ്ങളിൽ എത്തിയവരുടെ ലിസ്റ്റ് അനുസരിച്ചുള്ള പരിശോധനയാണ് നടന്നത്.
നഗരത്തിലെ ജനത്തിരക്ക് വർദ്ധിച്ചതോടെ പൊലീസ് ഇന്നലെ രാവിലെ മുതൽ പരിശോധന ശക്തമാക്കി. കണ്ടൈൻമെന്റ് സോണിലെ സ്ഥാപനങ്ങൾ നിശ്ചയിച്ച സമയത്തിന് അടയ്ക്കുന്നോ എന്നും നിരീക്ഷിക്കുന്നുണ്ട്. പി എച്ച് സി ഉദ്യോഗസ്ഥർ കച്ചവട സ്ഥാപനങ്ങളിൽ പരിശോധന നടത്തി. സി ഐ ജോസ് മാത്യു, എസ് ഐ എസ്.വി ബിജു, പി എച്ച് എൻ വത്സല, എച്ച് ഐ എസ്.ആർ രാജു എന്നിവർ പരിശോധനക്ക് നേതൃത്വം നൽകി.