പത്തനംതിട്ട: കിഴക്കൻ മേഖലയിൽ മഴ ശക്തമായതോടെ ശബരിഗിരി പദ്ധതിയുടെ പ്രധാന സംഭരണികളിൽ ജലനിരപ്പ് ഉയർന്നു. രണ്ടുദിവസത്തിനുള്ളിൽ കക്കി ആനത്തോട് സംഭരണിയിൽ ഏഴു ശതമാനവും പമ്പ സംഭരണിയിൽ പത്തുശതമാനവുമാണ് ജലനിരപ്പുയർന്നത്. ആനത്തോട് സംഭരണിയുടെ വൃഷ്ടിപ്രദേശത്ത് ഇന്നലെ രാവിലെ വരെയുള്ള 24 മണിക്കൂറിൽ 93 മില്ലിമീറ്ററും പമ്പയിൽ 68 മില്ലിമീറ്ററും മഴ ലഭിച്ചു.
കക്കി ആനത്തോട് സംഭരണിയിൽ ഇന്നലെ 41.02 ശതമാനമാണ് ജലനിരപ്പ്. നാലിന് ഇത് 34.33 ശതമാനമായിരുന്നു. പമ്പയിൽ ഇന്നലെ 48.83 ശതമാനം വെള്ളമുണ്ട്. നാലിന് ഇത് 38.37 ശതമാനമായിരുന്നു. 981.46 മീറ്ററാണ് കക്കി ആനത്തോട് സംഭരണിയുടെ ശേഷി. പമ്പയുടേത് 986.33 മീറ്ററും. ഇന്നലത്തെ കണക്കുകൾ പ്രകാരം കക്കി ആനത്തോട് സംഭരണിയിൽ 959.54 മീറ്ററും പമ്പയിൽ 974.30 മീറ്ററും വെള്ളമുണ്ട്. രണ്ടു സംഭരണികളും പരസ്പരം ബന്ധിതമായിരിക്കുന്നതിനാൽ മൊത്തം സംഭരണശേഷിയുടെ 40 ശതമാനം ജലനിരപ്പ് എന്നതാണ് കെ.എസ്.ഇ.ബിയുടെ കണക്കുകളിൽ പറയുന്നത്. കഴിഞ്ഞവർഷം ഇതേസമയം 25 ശതമാനത്തിൽ താഴെയായിരുന്നു ജലനിരപ്പ്. 2018ൽ 78 ശതമാനം വെള്ളവുമുണ്ടായിരുന്നു. 2018 ആഗസ്റ്റ് ഒമ്പതിന് സംഭരണി തുറക്കേണ്ടിവന്നു.
കഴിഞ്ഞ നാലുദിവസത്തിനുള്ളിലാണ് ജലനിരപ്പ് ഉയർന്നത്. ശബരിഗിരിയിൽ ഉത്പാദനത്തിനുശേഷം പുറന്തള്ളുന്ന വെള്ളം സംഭരിക്കുന്ന മൂഴിയാറിൽ ജലനിരപ്പ് പൂർണ ശേഷിയിലേക്കടുത്തു. കക്കാട് പദ്ധതിയിലേക്കാണ് മൂഴിയാറിൽ നിന്ന് വെള്ളം നൽകുന്നത്. എന്നാൽ കക്കാട് പദ്ധതിയിൽ ഒരു ജനറേറ്റർ തകരാറിലായതിനാൽ ഉൽപാദനം പൂർണ തോതിൽ നടക്കുന്നില്ല.
-----------------
മണിയാർ ബാരേജിന്റെ ഷട്ടറുകൾ
ഉയർത്താൻ സാദ്ധ്യത
പത്തനംതിട്ട : ആഗസ്റ്റ് നാല് മുതൽ മണിയാർ ബാരേജിന്റെ ഷട്ടറുകൾ തുറന്നിരുന്നു. കനത്ത മഴ കാരണം ജലനിരപ്പ് 34.62 മീറ്ററായി ക്രമീകരിക്കുന്നതിനായി ഈ മാസം 10വരെ ഏതു സമയത്തും മണിയാർ ബാരേജിന്റെ അഞ്ചു ഷട്ടറുകൾ 10 സെന്റീ മീറ്റർ മുതൽ 120 സെന്റീ മീറ്റർ വരെ ഉയർത്തേണ്ടതായി വരുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. കക്കാട്ടാറിന്റെയും പമ്പയാറിന്റെയും തീരത്ത് താമസിക്കുന്നവരും മണിയാർ, പെരുനാട്, വടശേരിക്കര, റാന്നി, കോഴഞ്ചേരി, ആറന്മുള നിവാസികളും പൊതുജനങ്ങളും ജാഗ്രതാ പാലിക്കണം.
----------------
മൂഴിയാർ ഡാമിന്റെ മൂന്നു ഷട്ടറുകൾ
ഉയർത്തും
പത്തനംതിട്ട : ജില്ലയുടെ കിഴക്കൻ മേഖലകളിലും ഡാമുകളുടെ വൃഷ്ടി പ്രദേശങ്ങളിലും അതിശക്തമായ മഴയുള്ളതിനാൽ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയർന്നുകൊണ്ടിരിക്കുകയാണ്. ശക്തമായ മഴ തുടരുകയാണെങ്കിൽ ജലനിരപ്പ് 192.63 മീറ്റർ എത്തുമ്പോൾ ഇന്ന് വൈകുന്നേരം 7 മണിയോടുകൂടി ഡാമിന്റെ മൂന്നു ഷട്ടറുകൾ 30 സെന്റീ മീറ്റർ വീതം ഉയർത്തും. കക്കാട്ടാറിന്റെയും ,പമ്പയാറിന്റെയും തീരത്ത് താമസിക്കുന്നവരും ആങ്ങമൂഴി, സീതത്തോട്, ചിറ്റാർ, മണിയാർ, പെരുനാട്, വടശേരിക്കര, റാന്നി, കോഴഞ്ചേരി, ആറന്മുള നിവാസികളും പൊതുജനങ്ങളും ജാഗ്രത പുലർത്തണം