പത്തനംതിട്ട : കനത്ത മഴ തുടരുന്നതോടെ ജില്ലയിലെ കിഴക്കൻ മേഖലയിൽ ഉരുൾപൊട്ടൽ സാദ്ധ്യതയേറുകയാണ്. രണ്ടുദിവസമായി തുടർച്ചയായി പെയ്യുന്ന മഴയിൽ ശബരിഗിരി ജലവൈദ്യുതി പദ്ധതിയുടെ വൃഷ്ടി പ്രദേശങ്ങളിൽ ഉരുൾപൊട്ടിയതിനാൽ കക്കാട്ടാറിലെ ജലനിരപ്പ് ഉയരുകയാണ്. മഴ ശക്തമായി തുടരുന്നതോടെ കൂടുതൽ പ്രദേശങ്ങൾ അപകട ഭീഷണിയിലാണ്. ആങ്ങമൂഴി, തേവർമല, കൊച്ചുകോയിക്കൽ, ഊന്നുകല്ല്, ബിമ്മരം, ഗുരുനാഥൻമണ്ണ്, മുണ്ടൻപാറ, മീൻകുഴി, കൊടുമുടി എന്നിവിടങ്ങൾ ഉരുൾപൊട്ടൽ സാദ്ധ്യതയുള്ള പ്രദേശങ്ങളാണ്. 2018 ൽ ഉരുൾപൊട്ടി കുളങ്ങരവാലിയിൽ രണ്ടുപേരും മുണ്ടൻപാറയിൽ മൂന്നുപേരും മരിച്ചിരുന്നു.
* ക്യാമ്പുകൾ നാലുരീതിയിൽ
. വെള്ളപ്പൊക്ക, ഉരുൾപൊട്ടൽ ഭീഷണിയുള്ള സ്ഥലങ്ങളിലെ ആളുകളെ നാല് വിഭാഗങ്ങളിലായി ക്യാമ്പുകളിലേക്ക് മാറ്റും. ജനറൽ (സാധാരണ ആളുകൾ), അറുപത് വയസ് കഴിഞ്ഞവർ, വീട്ടിൽ ക്വാറന്റൈനിൽ ഉള്ളവർ, കൊവിഡ് ലക്ഷണമുള്ളവർ എന്നിങ്ങനെ നാലായിയാണ് തരംതിരിക്കുക.
-
കൊവിഡ് സാഹചര്യം കണക്കിലെടുത്ത് നാല് രീതിയിലാണ് ക്യാമ്പുകൾ തുറക്കുന്നത്. രോഗികളുമായോ സമ്പർക്കമുള്ളവരുമായോ ബന്ധം ഉണ്ടാവാതിരിക്കാനാണിത്. അറുപത് കഴിഞ്ഞവരെ പ്രത്യേക ക്യാമ്പിലാക്കും.
ഡെപ്യൂട്ടി കളക്ടർ (ഡിസാസ്റ്റർ)
---------------
കൊവിഡ് രോഗികളുമായി പ്രൈമറി കോൺടാക്റ്റുള്ളവരെ ക്യാമ്പുകളിൽ നിന്ന് മാറ്റിയേപറ്റു. അറുപത് കഴിഞ്ഞവരെ ഒരുമിച്ച് മാറ്റുന്നത് പ്രായോഗികമാണോയെന്ന് അറിയില്ല. ക്യാമ്പുകളിൽ വോളണ്ടിയർമാർ കുറവാണ് . ജാഗ്രത വർദ്ധിപ്പിക്കണം."
ഡോ.എ.എൽ ഷീജ
(ഡി.എം.ഒ)