തിരുവല്ല: കൊവിഡ് വ്യാപനം മൂലം വ്യാപാര മേഖല വലിയ പ്രതിസന്ധി നേരിടുന്ന ഈ സാഹചര്യം പരിഗണിച്ച് തൊഴിലാളികൾക്ക് എല്ലാ ഓണക്കാലത്തും നൽകിവരുന്ന ബോണസ് ഇത്തവണ 50 ശതമാനമായി നിശ്ചയിച്ചു. കഴിഞ്ഞ വർഷം കൊടുത്ത തുകയുടെ 50 ശതമാനമാണ് ഇത്തവണ കൊടുക്കേണ്ടത്. വ്യാപാര സംഘടനാ ഭാരവാഹികളും ഷോപ്‌സ് ആൻഡ് കോമേഴ്‌സിയൽ എസ്റ്റാബ്ലിഷ്മെന്റ് വർക്കേഴ്‌സ് യൂണിയനും തമ്മിൽ നടത്തിയ ചർച്ചയിലാണ് തീരുമാനം. വ്യാപാരികളും തൊഴിലാളികളും സമാനദുരിതം അനുഭവിക്കുന്ന വിഭാഗങ്ങളാണ്. തൊഴിലാളികൾക്ക് ശമ്പളം പോലും കൊടുക്കാൻ പറ്റാത്ത അവസ്ഥയിലാണ് മിക്ക വ്യാപാരികളും. പല തൊഴിലാളികൾക്കും തൊഴിൽ നഷ്ടപ്പെട്ടു. ചെറുകിട വ്യാപാരികൾ പലരും വ്യാപാരം നിറുത്തേണ്ടി വരുമെന്ന ഭയപാടിലാണ്. ഇങ്ങനെ ഒരു സാഹചര്യത്തിലാണ് ബോണസ് തുക പുനർനിശ്ചയിക്കാൻ നിർബന്ധിതരായത്. ഷോപ്‌സ് ആൻഡ് കൊമേഴ്സ്യൽ എസ്റ്റാബ്ലിഷ്മെന്റ് യൂണിയൻ തിരുവല്ല ഏരിയ പ്രസിഡന്റ് ടി.ബി ശശിയുടെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ സെക്രട്ടറി ആർ. രവിപ്രസാദ്, വ്യാപാരി വ്യവസായി ഏകോപന സമിതി താലൂക്ക് യൂണിയൻ പ്രസിഡന്റ് വിനോദ് സെബാസ്റ്റ്യൻ, മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് എം.സലീം, സെക്രട്ടറി എം.കെ. വർക്കി, വ്യാപാരി വ്യവസായി സമിതി ഏരിയ സെക്രട്ടറി ലതാ കൊച്ചീപ്പൻ മാപ്പിള, വ്യാപാരി വ്യവസായി ഏകോപന സമിതി തിരുവല്ല പ്രസിഡന്റ് സാൻലി എം. അലക്സ് എന്നിവർ പങ്കെടുത്തു.