അടൂർ : പ്രതികൂല കാലാവസ്ഥയിൽ വൈദ്യുതി മുടക്കം പതിവായത് ഒാൺലൈൻപഠനത്തെ ബാധിക്കുന്നു. ഒാൺലൈൻ പഠനത്തിന് സൗകര്യമില്ലാത്ത പാവപ്പെട്ട വിദ്യാർത്ഥികൾക്ക് സന്നദ്ധ സംഘടനകളും വ്യക്തികളുമാണ് മൊബൈലും ടി. വി യും നൽകിയത്. പഠനം നല്ലരീതിയിൽ നടക്കുന്നതിനിടെയാണ് കാലാവസ്ഥ വഷളായതും വൈദ്യുതി തടസപ്പെടുന്നതും. മഴക്കെടുതിയിൽ വൈദ്യുതി മുടക്കം പതിവായതോടെ വിശ്രമമില്ലാതെയാണ് കെ.എസ്.ഇ.ബി ജീവനക്കാർ പണിയെടുക്കുന്നത്. കാറ്റിൽ മരമൊടിഞ്ഞ് വീണും കമ്പിപൊട്ടിയും പോസ്റ്റുകൾ ഒടിഞ്ഞു വീണുമാണ് വൈദ്യുതി മുടക്കത്തിൽ ഏറെയും. മിക്കവയും രാത്രിയിൽത്തന്നെ പരിഹരിക്കും. അപ്പോഴേക്കും ക്ളാസ് കഴിഞ്ഞിട്ടുണ്ടാവും. സ്കൂൾ അധികൃതരും ബുദ്ധിമുട്ടുന്നു. സി. ബി. എസ്. ഇ ഉൾപ്പെടെയുള്ള ഇംഗ്ളീഷ് മീഡിയം സ്കൂളുകളിൽ അദ്ധ്യാപകർ തന്നെയാണ് പഠിപ്പിക്കുന്നതിനായി ഒാൺലൈനിലൂടെ എത്തുന്നത്. സ്കൂൾ പരിസരത്ത് വൈദ്യുതി മുടങ്ങിയാലും പഠനം മുടങ്ങുന്നത് സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികൾക്കുമാണ് . വിക്ടേഴ്സ് ചാനൽ ക്ളാസുകൾ പുനസംപ്രേക്ഷണം ചെയ്യുന്നത് കേരള സിലബസുകാർക്ക്
ആശ്വാസമാണ്.
------------
വൈദ്യുതി ഇല്ലാതെ ക്ളാസ് നഷ്ടമാകുന്നത് പഠനത്തെ ബാധിക്കും. സ്കൂളിൽ പോകുമ്പോൾ ഒരു ദിവസം ക്ളാസ് നഷ്ടമായാൽ നോട്ട് മറ്റ് കുട്ടികളിൽ നിന്ന് പകർത്താം. ഇപ്പോൾ അതിനും സൗകര്യമില്ല.
അനിൽ കുമാർ,
രക്ഷിതാവ്.
------------------
മഴയും കാറ്റുംമൂലം വൈദ്യുതി മുടങ്ങിയാൽ പരിഹരിക്കാൻ കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. ഒാൺലൈൻ ക്ളാസുകൾ നടക്കുന്നതിനാൽ ഇക്കാര്യത്തിൽ തികഞ്ഞ ജാഗ്രതയാണ് പുലർത്തുന്നത്.
ആർ. ഷാജി.
അസി. എക്സിക്യൂട്ടീവ് എൻജിനീയർ.
കെ. എസ്. ഇ. ബി.