ka
.

തിരുവല്ല: കനത്തമഴയിൽ പമ്പ, മണിമല നദികളിൽ ജലനിരപ്പ് ഉയർന്നതോടെ താലൂക്കിന്റെ പടിഞ്ഞാറൻ മേഖലകൾ വെള്ളപ്പൊക്ക ഭീഷണിയിലായി. നദികളിലും പാടശേഖരങ്ങളിലും മറ്റു താഴ്ന്ന പ്രദേശങ്ങളിലും ഒറ്റദിവസം കൊണ്ട് ജലനിരപ്പ് ഉയർന്നു. താഴ്ന്ന പ്രദേശങ്ങളിലെയും നദീതീരങ്ങളിലെയും പാടശേഖരങ്ങൾക്ക് സമീപത്തെയും കുടുംബങ്ങൾ ഭീതിയിലാണ്. ഒരാഴ്ചമുമ്പ് പെയ്ത മഴയിലെ വെള്ളം ഇതുവരെ ഒഴിഞ്ഞുപോകാത്തപ്പോഴാണ് വീണ്ടും മഴ. ചില പ്രദേശങ്ങളിലെ റോഡുകളിൽ വെള്ളം കെട്ടിക്കിടക്കുന്നതിനാൽ യാത്ര ദുഷ്‌കരമാണ്. നിരണം, കടപ്ര, പെരിങ്ങര, നെടുമ്പ്രം, കുറ്റൂർ പഞ്ചായത്തുകളിലും നഗരസഭയുടെ ചില പ്രദേശങ്ങളിലും കഴിയുന്നവരാണ് വെള്ളപ്പൊക്കത്തിന്റെ മുന്നറിയിപ്പിൽ ഭയന്നുകഴിയുന്നത്. പമ്പാ നദിയിലും മണിമലയാറ്റിലും ക്രമാതീതമായി ജലനിരപ്പ് ഉയർന്നിട്ടുണ്ട്. ശക്തമായ ഒഴുക്കുമുണ്ട്. കഴിഞ്ഞ പ്രളയങ്ങളിൽ ഒഴുകിയെത്തിയ എക്കലും ചെളിയും മറ്റും നദികളിലും തോടുകളിലും കുമിഞ്ഞു കിടക്കുന്നതിനാൽ അതിവേഗത്തിലാണ് ജലനിരപ്പ് ഉയരുന്നത്. ഒരുദിവസം മാത്രം കനത്തമഴ പെയ്താൽ പോലും വെള്ളം പൊങ്ങുന്ന സ്ഥിതിയാണ്.

ദുരിതാശ്വാസ ക്യാമ്പ് തുറന്നു


തിരുവല്ല: നദികളിൽ ജലനിരപ്പ് ഉയർന്നതിനെത്തുടർന്ന് താലൂക്കിന്റെ കിഴക്കൻമേഖലയിൽ ഒരു ദുരിതാശ്വാസ ക്യാമ്പ് തുറന്നു. നെടുംപ്രയാർ എം.ടി.എൽ.പി.സ്‌കൂളിലാണ് ക്യാമ്പ്. ഇവിടെ ഒരു കുടുംബത്തിലെ നാലുപേർ കഴിയുന്നുണ്ട്.

ജാഗ്രതാ നിർദ്ദേശം നൽകി

തിരുവല്ല: പമ്പ,മണിമല നദികളിലെ ജലനിരപ്പ് ക്രമാതീതമായി ഉയരുന്ന പശ്ചാത്തലത്തിൽ തിരുവല്ല താലൂക്കിലാകമാനം ജില്ലാ കളക്ടർ ജാഗ്രതാ നിർദ്ദേശം നൽകി. നദീതീരങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പുലർത്തണം.. വെള്ളം ഉയരുന്നത് ശ്രദ്ധയിൽപ്പെട്ടാൽ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറണം..

അടിയന്തര സഹായത്തിന് താലൂക്ക് ഓഫീസിലെ ഹെൽപ്പ് ലൈൻ നമ്പരായ 2 601303ലേക്കോ തദ്ദേശ ഭരണ സ്ഥാപനങ്ങളുമായോ ജനപ്രതിനിധികളുമായോ ബന്ധപ്പെടണമെന്ന് തഹസീൽദാർ മിനി കെ. തോമസ് അറിയിച്ചു.