konni-

കോന്നി : കനത്ത മഴയിൽ കോന്നി താലൂക്കിലെ 20 പ്രദേശങ്ങളിൽ ഉരുൾപൊട്ടലിനും മണ്ണിടിച്ചിലിനും മലവെള്ളപ്പാച്ചിലിനും സാദ്ധ്യതയെന്ന് കാട്ടി റവന്യൂ വകുപ്പ് ജില്ലാ ദുരന്തനിവാരണ അതോറിറ്റിക്ക് റിപ്പോർട്ട് നൽകി. . അച്ചൻകോവിൽ, കോന്നി മേഖലകളിലെ ഉൾവനങ്ങളിൽ മുൻ വർഷങ്ങളിലും ഉരുൾപൊട്ടിയിരുന്നു.

കോന്നി വില്ലേജിലെ പൊന്തനാംകുഴി ഹരിജൻ കോളനി, സീതത്തോട് വില്ലേജിലെ ഗുരുനാഥൻമണ്ണ്, മുണ്ടൻപാറ, ചിറ്റാർ വില്ലേജിലെ മണക്കയം എന്നിവയാണ് അതീവജാഗ്രതാ പ്രദേശങ്ങളിൽ ഉൾപ്പെടുത്തിയിരിക്കുന്നത് . ഇവിടങ്ങളിൽ മുൻവർഷങ്ങളിൽ ഉരുൾപൊട്ടൽ ഉണ്ടായി വലിയ നാശനഷ്ടങ്ങൾ സംഭവിച്ചിരുന്നു. പൊന്തനാംകുഴിയിലെ 28 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്. മറ്റുള്ള സ്ഥലങ്ങളിലുള്ളവർ ബന്ധുവീടുകളിലേക്കും ഭരണകൂടങ്ങൾ ഒരുക്കിയ ക്യാമ്പുകളിലേക്കും താമസംമാറ്റിയിട്ടുണ്ട്.

സീതത്തോട് വില്ലേജിലെ സീതക്കുഴി, തേക്കുംമൂട്, മൂന്നുകല്ല്, ചിറ്റാർ വില്ലേജിലെ മീൻകുഴി, വയ്യാറ്റുപുഴ, അരുവാപ്പുലം വില്ലേജിലെ മറ്റാക്കുഴി, മുതുപേഴുങ്കൽ, അയന്തിമുരുപ്പ്, മ്ളാന്തടം, ക്വാറിമുരുപ്പ്, കൊല്ലൻപടി, പനനിൽക്കുംമുകളിൽ, കരിങ്കുടുക്ക, കല്ലേലി വെള്ളികെട്ടി, ഊട്ടുപാറ മിച്ചഭൂമി എന്നിവിടങ്ങളിലും ഉരുൾപൊട്ടൽ സാദ്ധ്യതയുണ്ട്. ദുരന്തനിരവാരണ സേനയും ഫയർഫോഴ്സും പൊലീസും റവന്യൂ അധികൃതരും സ്ഥിതിഗതികൾ വിലയിരുത്തുന്നുണ്ട്. വില്ലേജ് ഓഫീസുകളിലും താലൂക്ക് ഓഫീസിലും കൺട്രോൾ റൂമുകൾ പ്രവർത്തിക്കും.