അട്ടച്ചാക്കൽ: അടിമുടി കലാകാരനായ ഒരു ജനപ്രതിനിധിയുണ്ട് ജില്ലയിൽ. കോന്നി ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് കോന്നിയൂർ പി.കെ. രാഷ്ട്രീയത്തിൽ സജീവമായതോടെ വേദികളിൽ നിന്ന് പിൻമാറിയെങ്കിലും പി.കെയുടെ ഉള്ളിൽ ഇപ്പോഴും ആ പഴയ കലാകാരനുണ്ട്. 1980 കളിൽ മിമിക്രിവേദികളിലും കലോത്സവവേദികളിലും സംസ്ഥാനതലത്തിൽ വരെ നിറസാന്നിദ്ധ്യമായിരുന്നു പി.കെ. മിമിക്രി വേദികളിൽ അതുവരെയാരും പരീക്ഷിച്ചിട്ടില്ലാത്ത ചലച്ചിത്ര താരങ്ങളുടെ രൂപവും ശബ്ദവുംഒരുമിച്ച് അവതരിപ്പിച്ചാണ് പി.കെ. കൈയടി വാങ്ങിയത്. വിമാനത്തിന്റെയും ട്രയിനിന്റെയും മഴയുടെയും മൃഗങ്ങളുടേയും മറ്റും ശബ്ദമായിരുന്നു അന്ന് മിമിക്രി കാലാകാരൻമാർ വേദികളിലവതരിപ്പിച്ചിരുന്നത്. ഇതിന് മാറ്റമുണ്ടാക്കി നിരവധി നടൻമാരെയാണ് അദ്ദേഹം അവതരിപ്പിച്ചത്. പ്രേംനസീറായിരുന്നു പി.കെയുടെ മാസ്റ്റർപീസ്. സത്യൻ, കെ.പി.ഉമ്മർ, ജോസ് പ്രകാശ്, ശിവാജിഗണേശൻ തുടങ്ങിയവരും പി.കെയുടെ കയ്യിൽ ഭദ്രമായിരുന്നു.
കോന്നി റിപ്പബ്ലിക്കൻ ഹൈസ്‌കൂളിൽ പഠിക്കുമ്പോൾ പി.കെയുടെ കലാവാസന തിരിച്ചറിഞ്ഞ് അദ്ധ്യാപകനായ കോന്നിയൂർ രാധാകൃഷ്ണനാണ് ആദ്യം വേദിയിലെത്തിച്ചത്.
വിദ്യാർത്ഥിയായിരുന്ന പി.കെ. മിമിക്രി വെട്ടൂർ ആയിരവില്ലൻ ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് അവതരിപ്പിച്ചിരുന്നു. കുട്ടപ്പൻ എന്നായിരുന്നു അന്ന് പേര്. ക്ഷേത്രത്തിലെ സാംസ്‌കാരിക സമ്മേളനം ഉദ്ഘാടനം ചെയ്യാനെത്തിയ പ്രൊഫ: എം.പി.മൻമദനും മിമിക്രി കാണാനുണ്ടായിരുന്നു. പരിപാടി കഴഞ്ഞപ്പോൾ എം.പി.മൻമദനാണ് കോന്നിയൂർ പി.കെ എന്ന പേര് നൽകിയത്.
കഷ്ടപ്പാട് നിറഞ്ഞ കുട്ടിക്കാലത്ത് നിന്നാണ് പി.കെയിലെ കലാകാരൻ വളർന്നത്. ജനിച്ച് 6 മാസമായപ്പോൾ അച്ഛൻ മരിച്ചു. അമ്മയും മുതിർന്ന രണ്ട് സഹോദരിമാരും ചേർന്നാണ് വളർത്തിയത്.
------------
മിമിക്രിയും നാടകവും
മിമിക്രി കൂടാതെ നാടകവും പി.കെയുടെ തട്ടകമാണ്. പ്രൊഫഷണൽ നാടക രംഗത്ത് വിവിധ സമിതികളിൽ സംവിധായകനായും നടനായും 22 വർഷം പ്രവർത്തിച്ചു. മൈസ്റ്റുഡന്റ്, വിശുദ്ധ പുസ്തകം എന്നീ സിനിമകളിൽ അഭിനയിച്ച കോന്നിയൂർ. പി.കെ. നിരവധി ഭക്തിഗാന ആൽബങ്ങളിലും വേഷമിട്ടു. കോന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായശേഷം നാട്ടിലെ കലാകാരൻമാരെ പ്രോത്സാഹിപ്പിക്കാൻ പ്രത്യേക താത്പര്യം കാണിച്ച് അവരെ ആദരിച്ചു. കമ്മ്യൂണിസ്റ്റ് പാർട്ടിയിലൂടെ രാഷ്ടീയ പ്രവർത്തനം തുടങ്ങിയ പി.കെ പിന്നീട് കോൺഗ്രസിലെത്തുകയായിരുന്നു. 15 വർഷം ഡി.സി.സി.ജനറൽ സെക്രട്ടറിയായി പ്രവർത്തിച്ചു. അടൂർ പ്രകാശ് മന്ത്രിയായപ്പോൾ അദ്ദേഹത്തിന്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായിരുന്നു സാബവ മഹാസഭയുടെ സംസ്ഥാന ജനറൽ സെക്രട്ടറിയായും പ്രവർത്തിച്ചു. ആയുർവേദ വകുപ്പിലെ ജീവനക്കാരി വത്സലയാണ് ഭാര്യ, സൗദി അറേബ്യയിൽ ജോലി ചെയ്യുന്ന അഭിലാഷ്, അഭികല എന്നിവർ മക്കളാണ്.