പത്തനംതിട്ട : കേന്ദ്ര കാലാവസ്ഥാ വകുപ്പ് ജില്ലയിൽ ഇന്ന് റെഡ് അലർട്ടും നാളെ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചു. റെഡ് അലർട്ട് പ്രഖ്യാപിച്ചതിനാൽ 24 മണിക്കൂറിൽ 204.5 മില്ലി മീറ്ററിൽ കൂടുതൽ മഴ ലഭിക്കാനുള്ള സാദ്ധ്യതയുണ്ട്. അതിതീവ്ര മഴ ലഭിക്കുന്നത് വെള്ളപ്പൊക്കം /ഉരുൾപൊട്ടൽ /മണ്ണിടിച്ചിൽ തുടങ്ങിയ അപകട സാദ്ധ്യത വർദ്ധിപ്പിക്കും. മുൻകരുതലിന്റെ ഭാഗമായി പ്രളയ ഭീഷണി /ഉരുൾപൊട്ടൽ /മണ്ണിടിച്ചിൽ തുടങ്ങിയ അപകട സാദ്ധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവരെ ഉടനെ തന്നെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റുന്നതിന് അതത് തഹസിൽദാർമാരെ ചുമതലപ്പെടുത്തിയതായി ജില്ലാ കളക്ടർ പി.ബി. നൂഹ് അറിയിച്ചു.
ദുരന്ത സാദ്ധ്യതാ മേഖലകളിൽ ഉള്ളവർ കൊവിഡ്19 മാനദണ്ഡങ്ങൾ പാലിച്ച് സജ്ജീകരിച്ചിട്ടുള്ള ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് അടിയന്തരമായി മാറണം. ജനങ്ങൾ ജാഗ്രത പുലർത്തുണം , കാറ്റ്, മഴ, ഇടിമിന്നൽ എന്നിവ മൂലമുള്ള നാശനഷ്ടങ്ങൾ ഒഴിവാക്കുന്നതിനായി മുൻകരുതലുകൾ സ്വീകരിക്കണം. ഒരു കാരണവശാലും ജനങ്ങൾ നദികളിലോ മറ്റ് ജലാശയങ്ങളിലോ ഇറങ്ങാൻ പാടുള്ളതല്ല. മലയോര മേഖലകളിലൂടെയുള്ള യാത്രകൾ ഒഴിവാക്കണമെന്നും ജില്ലാ കളക്ടർ അറിയിച്ചു.
-----------
ജില്ലാ തല, താലൂക്ക് തല കൺട്രോൾ റൂമുകളുടെ ഫോൺ നമ്പർ: ജില്ലാ എമർജൻസി ഓപ്പറേഷൻസ് സെന്റർ 04682322515, 9188297112. ജില്ലാ കളക്ടറേറ്റ് 04682222515. താലൂക്ക് ഓഫീസ് അടൂർ 04734224826. താലൂക്ക് ഓഫീസ് കോഴഞ്ചേരി 04682222221. താലൂക്ക് ഓഫീസ് കോന്നി 04682240087. താലൂക്ക് ഓഫീസ് റാന്നി 04735227442. താലൂക്ക് ഓഫീസ് മല്ലപ്പള്ളി 04692682293. താലൂക്ക് ഓഫീസ് തിരുവല്ല 04692601303.