റാന്നി: കനത്തമഴയിൽ റാന്നി ടൗണും ഇട്ടിയപ്പാറ ബസ് സ്റ്റാൻഡും മുങ്ങി. ഇന്നലെ രാവിലെ മുതൽ വെള്ളംകയറിത്തുടങ്ങി. നദീതീരത്തുള്ള താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായി. പമ്പാ നദിയിലേക്ക് എത്തിച്ചേരുന്ന വലിയ തോടുകൾ നിറഞ്ഞുകവിഞ്ഞു.
റാന്നി ഐത്തല, തോട്ടമൺ, മാടമൺ, ചെമ്പോൺ, അത്തിക്കയം പൂവത്തുമൂട്, തുടങ്ങിയിടങ്ങളിൽ നിന്ന് ആളുകൾ വീടുവിട്ട് ബന്ധു വീടുകളിലേക്ക് മാറി. ഇട്ടിയപ്പാറ ടൗൺ, ബസ് സ്റ്റാൻഡ്, മാമുക്ക്, പേട്ട, അത്തിക്കയം തുടങ്ങിയ ടൗണുകളിലും വെള്ളം കയറിയതോടെ വ്യാപാരികൾ കടകളിലെ സാധനങ്ങൾ നീക്കം ചെയ്തു.
മണിയാർ ഡാമിൻറെ ഷട്ടറുകൾ തുറന്നുവിട്ടതോടെ പമ്പാനദിയിലെ ജലനിരപ്പ് ഉയർന്ന് സമീപപ്രദേശങ്ങളിൽ വെള്ളംകയറിയിരുന്നു.നദിയിലെ ജലനിരപ്പ് ഉയർന്ന് സമീപ പ്രദേശങ്ങളിലും വെള്ളം കയറിയെങ്കിലും വെള്ളിയാഴ്ച പുലർച്ചയോടെ വെള്ളം ഒഴിഞ്ഞിരുന്നു. ഇന്നലെ രാവിലെ പമ്പാ നദീതീരത്തെ അട്ടത്തോട്, അയ്യൻമല എന്നിവിടങ്ങളിൽ ഉരുൾപൊട്ടൽ ഉണ്ടായതും മണിയാർ ഡാമിൻറ ഷട്ടർ ഉയർത്തിയതും തോരാമഴയുമാണ് വെള്ളപ്പൊക്കത്തിനിടയാക്കിയത്.
മുക്കം, അരയാഞ്ഞിലിമൺ കോസ് വേകൾ വെള്ളത്തിനടിയിലായി.പെരുന്തേനരുവി ജല വൈദ്യുത പദ്ധതിയുടെ ഭാഗമായ ഡാമും നിറഞ്ഞുകവിഞ്ഞ് ശക്തമായ വെള്ളപ്പാച്ചിലിൽ ഉണ്ടായി.
നാറാണംമൂഴി, അത്തിക്കയം, മാടമൺ, പെരുന്തേനരുവി ,റാന്നി ടൗൺ തുടങ്ങിയിടങ്ങളിലെ ജനവാസ മേഖലയിലും വെള്ളം കയറി.