@ കുടുംബം ഹൈക്കോടതിയിലേക്ക്

@ തിങ്കളാഴ്ച മുതൽ വീടിന് മുന്നിൽ കുടിൽകെട്ടി സമരം

പത്തനംതിട്ട: ചിറ്റാറിൽ കുടപ്പനക്കുളത്ത് വനപാലർ കസ്റ്റഡിയിലെടുത്തതിനെ തുടർന്ന് ദുരൂഹസാഹചര്യത്തിൽ മരിച്ച മത്തായിയുടെ ബന്ധുക്കളുമായി ജില്ലാ കളക്ടർ നടത്തിയ ചർച്ചയിൽ തീരുമാനമായില്ല. മൃതദേഹം വച്ച് വിലപേശാതെ ഉടൻ സംസ്‌കരിക്കണമെന്ന് കളക്ടർ ആവശ്യപ്പെട്ടു. കുറ്റക്കാരായ വനപാലകരെ അറസ്റ്റുചെയ്യാതെ പിൻമാറില്ലെന്നും നീതി കിട്ടും വരെ സമരം തുടരുമെന്നും ബന്ധുക്കൾ പറഞ്ഞു. ഇതോടെ ചർച്ച പിരിയുകമായിരുന്നു. കളക്ടർ പി. ബി.നൂഹ്, ജില്ലാപൊലീസ് ചീഫ് കെ.ജി .സൈമൺ, ആന്റോ ആന്റണി എം.പി, കെ.യു ജനീഷ്‌കുമാർ എം.എൽ.എ, അടൂർ ആർ.ഡി.ഒ വിനോദ് ചന്ദ്രൻ, മത്തായിയുടെ ഭാര്യ ഷീബ,സഹോദരൻ വിൽസൺ ഇവരുടെ അഭിഭാഷകൻ ജോണി കെ. ജോർജ് എന്നിവരും ഓൺ ൈലൻ ചർച്ചയിൽ പെങ്കടുത്തു.

സത്യസന്ധമായ അന്വേഷണമല്ല നടക്കുന്നതെന്ന് ബന്ധുക്കൾ പറഞ്ഞു. പ്രതികളെ അറസ്റ്റ് ചെയ്യാതിരിക്കാൻ അന്വേഷണ സംഘത്തിന് മേൽ സമ്മർദ്ദം ഉളളതായും നിലവിലെ അന്വേഷണത്തിൽ ത്യപ്തരല്ലെന്നും ബന്ധുക്കൾ പറഞ്ഞു. പ്രതികളെ സംരക്ഷിക്കാനാണ് ശ്രമം നടക്കുന്നതെന്ന് അവർ പറഞ്ഞു. നിലവിലെ അന്വേഷണസംഘത്തെ മാറ്റി പുതിയ ഏജൻസിയെ അന്വേഷണം ഏൽപിക്കണം. മൃതദേഹം റീപോസ്റ്റ്‌മോർട്ടം ചെയ്യണം. ഇക്കാര്യം ആവശ്യപ്പെട്ട് തിങ്കളാഴ്ച ഹൈക്കോടതിയിൽ റിട്ട് ഹർജി നൽകുമെന്നും ബന്ധുക്കളും അഭിഭാഷകനും പറഞ്ഞു. തുടർന്ന് വീട്ടിൽ പന്തൽ കെട്ടി സമരം തുടങ്ങും. തങ്ങളുടെ മൊഴിയിൽ പറയുന്ന കാര്യങ്ങൾ അന്വേഷിക്കാൻ പൊലീസ് തയ്യാറായിട്ടില്ല. കേസ് അട്ടിമറിക്കാനും പ്രതികളെ സംരക്ഷിക്കാനും രാഷ്ട്രീയ ഇടപെടൽ നടക്കുന്നതായി ബന്ധുക്കൾ പറഞ്ഞു. ഭരണകക്ഷി നേതാക്കൾ കേസിൽ ഇടപെടുന്നു. സി. പി. ഐയുടെ ഫോറസ്റ്റ് ജീവനക്കാരുടെ സംഘടനയുടെ നേതാവാണ് സസ്‌പെൻഷനിലായ ചിറ്റാർ ഡെപ്യൂട്ടിഫോറസ്റ്റ് റേഞ്ച് ഒാഫീസർ. സംഭവത്തിൽ ഡെപ്യൂട്ടി റേഞ്ച് ഓഫീസർ ഉൾപ്പെടെ 7 ഉദ്യോഗസ്ഥരും പുറത്തുനിന്നുള്ള ഒരാളും ഉൾപ്പെട്ടിട്ടുളളതായാണ് കുടുംബം ആരോപിക്കുന്നത് . വനംവകുപ്പ് ഉദ്യോഗസ്ഥർ ഗുരുതര വീഴ്ച വരുത്തിയതായി പൊലീസിന്റെ പ്രത്യേക അനേഷണ സംഘം കണ്ടെത്തിയിരുന്നു. മത്തായിയുടെ കൈവശമിരുന്ന രണ്ട് ഫോണുകൾ കാണാനില്ലന്നും കണ്ടെത്തിയിരുന്നു. മത്തായി കയ്യിൽ ധരിച്ചിരുന്ന മോതിരം, പഴ്‌സ് എന്നിവയും കാണാനുണ്ടെന്ന് ബന്ധുക്കൾ പറഞ്ഞു.