ചെങ്ങന്നൂർ: പമ്പയാറിൽ ജലനിരപ്പ് ഉയർന്നതോടെ സമീപത്തെ നിരവധി കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു തുടങ്ങി. മിത്രകടവ് പാലത്തിന് സമീപം താമസിക്കുന്ന വാഴയിൽ ശാരദ, ശാസ്താംകുളങ്ങര പടിഞ്ഞാറേതിൽ മനു, പുത്തൻവീട്ടിൽ വിനീഷ് പി.വി എന്നിവരുടെ വീടുകളിൽ ഇന്നലെ രാവിലെ പത്തുമണിയോടെ വെള്ളം കയറിത്തുടങ്ങി. 15 പേരെ കീഴ്‌ചേരിമേൽ ജെ.ബി.എസിലെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി . കോടിയാട്ടുകര അമ്പലത്തിനു സമീപം മുളമൂട്ടിൽപറമ്പിൽ രാജനും കുടുംബവും കല്ലിശ്ശേരിയിലെ ബന്ധുവീട്ടിലേക്ക് താമസം മാറി
പാണ്ടനാട് മിത്രമഠം പാലത്തിന്റെ അടിയിൽ താമസിച്ചിരുന്ന മോഹനനേയും കുടുംബത്തേയും സുഹൃത്തിന്റെ വീട്ടിലേക്കും, സാലു എന്നയാളെ അയൽവാസിയുടെ വീട്ടിലേക്കും മാറ്റി .
എണ്ണയ്ക്കാട് വില്ലേജിൽ 5 കുടുംബങ്ങളിലെ 22 പേരെ പകൽവീട് ക്യാമ്പിലേക്ക് മാറ്റി.
വെണ്മണി, പുന്തല രേവതിയിൽ സി.വി ജയന്റെ വീടിനു മുകളിൽ മരം വീണ് നാശമുണ്ടായി.
മുളക്കുഴ, വാലുപറമ്പിൽ സതീശന്റെ വീടിന് പിൻവശം മണ്ണിടിഞ്ഞ് വീണ് നാശനഷ്ടം ഉണ്ടായതിനെ തുടർന്ന് ഒരു കുടുംബത്തെ ബന്ധുവീട്ടിലേക്ക് മാറ്റി താമസിപ്പിച്ചു.