മല്ലപ്പള്ളി : മികച്ചയിനം പച്ചക്കറി തൈകൾ ഉൽപാദിപ്പിച്ച് ന്യായവിലയ്ക്ക് കർഷകരിൽ എത്തിക്കുന്നതിന് ആര്യ അഗ്രി സൊലൂഷൻസ് തുടക്കം കുറിച്ചു. യുവാക്കളെ കൃഷിയിലേക്ക് ആകർഷിക്കുന്നതിന് ലക്ഷ്യ ഭാരതീയ കാർഷിക ഗവേഷണ കൗൺസിലിന്റെ സാമ്പത്തിക സഹായത്തോടെ ജില്ലാ കൃഷി വിജ്ഞാന കേന്ദ്രം നടപ്പിലാക്കിയ അട്രാകിംഗ് ആൻഡ് റീറ്റെയ്‌നിംഗ് യൂത്ത് ഇൻ അഗ്രികൾച്ചർ (ആര്യ) പദ്ധതിയിൽ നിന്ന് പരിശീലനം പൂർത്തിയാക്കിയ അഞ്ച് യുവാക്കൾ ചേർന്ന് ആരംഭിച്ച പ്രസ്താനമാണ് ആര്യ അഗ്രി സൊലൂഷൻസ്. ആര്യ അഗ്രി സൊലൂഷൻസിന്റെ നേതൃത്വത്തിൽ അഞ്ച് ഏക്കറിൽ പച്ചക്കറി കൃഷി, മത്സ്യ കൃഷി, കോഴി വളർത്തൽ, ആട് വളർത്തൽ, കോഴികൂട് നിർമ്മാണം, പച്ചക്കറികളുടെ വിപണനം തുടങ്ങിയ വിവിധ പ്രവർത്തനങ്ങൾ നടത്തിവരുന്നു. സംസ്ഥാന കൃഷി വകുപ്പാണ് സാങ്കേതിക നൽകുന്നത്. ഇതോടൊപ്പം പച്ചക്കറി തൈകളുടെ വിപണന കേന്ദ്രവും ആരംഭിച്ചിട്ടുണ്ട്. തക്കാളി, വഴുതന, വെണ്ട, ചീര, പയർ, തുടങ്ങിയവയുടെ തൈകൾ കുറിയന്നൂർ തോണിപ്പുഴയ്ക്ക് സമീപത്തുള്ള വിപണനകേന്ദ്രത്തിൽ ലഭ്യമാണ്. നഴ്‌സറിയുടെയും പച്ചക്കറി വിപണന കേന്ദ്രത്തിന്റെയും ഉദ്ഘാടനം വീണാ ജോർജ്ജ് എം.എൽ.എ നിർവഹിച്ചു. കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ആർ. കൃഷ്ണകുമാർ അദ്ധ്യക്ഷത വഹിച്ചു ഡോ.സി.പി.റോബർട്ട് മുഖ്യപ്രഭാഷണം നടത്തി. തോട്ടപ്പുഴശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് എൽസി ക്രിസ്റ്റഫർ,ഗോപലകൃഷ്ണൻ, സാറാമ്മ ജേക്കബ്, ജോർജ്ജി കെ വർഗിസ്, മാത്യു ഏബ്രഹാം,അമ്പിളി സി, കൃഷി ഓഫീസർ ലതാ മേരി തോമസ് കൃഷി വിജ്ഞാന കേന്ദ്രം സബ്ജ്ര്രക് മാറ്റർ സ്‌പെഷ്യലിസ്റ്റുമാരായ അലക്‌സ് ജോൺ, ഡോ.സെൻസി മാത്യു, ഡോ. റിൻസി കെ. ഏബ്രഹാം, ഡോ. സിന്ധു സദാനന്ദൻ ആര്യ അഗ്രി സൊലൂഷൻസ് അംഗങ്ങളായ അഖിൽ രാജ്, അരുൺ സദാനന്ദൻ, വേണു എസ് നായർ, ശരത് ടി, ബോബി എന്നിവർ സംസാരിച്ചു.