mathayi

പത്തനംതിട്ട: വനപാലകർ കസ്റ്റഡിയിലെടുത്ത ചിറ്റാർ കുടപ്പന സ്വദേശി മത്തായിയുടെ മരണം സംബന്ധിച്ച പൊലീസ് അന്വേഷണം അനിശ്ചിതത്വത്തിൽ. വനപാലകരുടെ നടപടി നിയമവിരുദ്ധമാണെന്ന് അന്വേഷണസംഘം വെളിപ്പെടുത്തിയിട്ടും വനപാലകർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടില്ള. ഇന്നലെ ജില്ലാ കളക്ടർ വിളിച്ച അനുരഞ്ജന ചർച്ചയിലും തീരുമാനമായില്ല.

സസ്പെൻഷനിലായ വനപാലകരെ അറസ്റ്റ് ചെയ്യാതെ മൃതദേഹം അടക്കം ചെയ്യില്ലെന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ് ഭാര്യ ഷീബയും ബന്ധുക്കളും.

വനപാലകരുടെ അറസ്റ്റ് ആവശ്യപ്പെട്ട് ഷീബയും കുടുംബാംഗങ്ങളും വീടിന് മുന്നിൽ കുടിൽകെട്ടി സമരം ആരംഭിക്കും. മൃതദേഹം റീ പോസ്റ്റുമോർട്ടം ചെയ്യണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കും.പതിനൊന്നു ദിവസമായി മൃതദേഹം മോർച്ചറിയിലാണ്. കേസ് പുതിയ ഏജൻസിയെ ഏൽപ്പിക്കണമെന്നും കുടുംബം ആവശ്യപ്പെടുന്നു.രാഷ്ട്രീയ സമ്മർദ്ദം കാരണം അന്വേഷണം വഴിതെറ്റിയെന്ന് മത്തായിയുടെ സഹോദരൻ വിൽസൺ പറഞ്ഞു.

അന്വേഷണം പൂർത്തിയാക്കാൻ കൂടുതൽ സമയം വേണ്ടിവരുമെന്നുമാണ് ക്രൈംബ്രാഞ്ച് ചുമതലയുള്ള ഡിവൈ.എസ്.പി പ്രദീപ് കുമാർ പറയുന്നത്.

സസ്പെൻഷനിലായ ഏഴ് വനപാലകർ ഫോറസ്റ്റ് ജീവനക്കാരുടെ ഇടത് സംഘടനകളിൽ പെട്ടവരാണ്. കഴിഞ്ഞ മാസം 28ന് തെളിവെടുപ്പിനെന്ന് പറഞ്ഞ് വനപാലകർ കുടപ്പനയിലെത്തിച്ച മത്തായിയെ കുടുംബവീട്ടിലെ കിണറ്റിൽ മരിച്ച നിലയിൽ കാണപ്പെടുകയായിരുന്നു. മുങ്ങിമരിച്ചെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ട്.