പത്തനംതിട്ട: ചിറ്റാറിൽ വനപാലകരുടെ കസ്റ്റഡിയിലിരിക്കെ ദുരൂഹസാഹചര്യത്തിൽ മരിച്ച മത്തായിയുടെ മരണത്തിൽ പ്രതിഷേധിച്ച് കെ.പി.സി.സി. ന്യൂനപക്ഷ വകുപ്പ് ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധയോഗം നടത്തി. കള്ളകഥകൾ മെനഞ്ഞ് തടിയൂരാൻ വനപാലകർ ശ്രമിക്കുകയാണെന്ന് കെ. പി. സി. സി. ന്യൂനപക്ഷവകുപ്പ് ആരോപിച്ചു. മത്തായിയുടെ ദുരൂഹമരണം ക്രൈംബ്രാഞ്ച് അന്വേഷിക്കണം. മരണത്തിന് ഉത്തരവാദികളായ മുഴുവൻ ഉദ്യോഗസ്ഥരെയും നിയമത്തിന് മുൻപിൽ കൊണ്ടുവരേണ്ടതാണ്. അടിയന്തരമായി കുറ്റക്കാരെ അറസ്റ്റ് ചെയ്യണം. കസ്റ്റഡിയിലിരിക്കെ കാണാതാവുകയും പിന്നെ കിണറ്റിൽ മരിച്ചനിലയിൽ കണ്ടെത്തുകയും മരിച്ചയാളുടെ ഫോൺ അപ്രത്യക്ഷമാകുകയും വ്യാജസാക്ഷികളെ മുൻനിറുത്തി അഭിപ്രായം പറയുകയും ചെയ്യുന്ന ഉദ്യോഗസ്ഥരുടെ പ്രവൃത്തി കൂടുതൽ കുറ്റകൃത്യം തെളിഞ്ഞുവരികയാണ്. അടിയന്തരമായി 50 ലക്ഷം രൂപ കുടുംബത്തിന് സഹായം അനുവദിക്കേണ്ടതാണ്. മത്തായിയുടെ ഭാര്യക്ക് ജോലി നൽകണമെന്നും കെ.പി.സി.സി. ന്യൂനപക്ഷ വകുപ്പ് ഉന്നയിച്ചു. ജില്ലാ വൈസ് ചെയർമാൻ സലിം പെരുനാട് അദ്ധ്യക്ഷത വഹിച്ചു. സാമുവൽ പ്രക്കാനം, ജോർജ്ജ് ജോസഫ്, അബ്ദുൾകലാം ആസാദ്, ഷാനവാസ് പെരിങ്ങമല, കാട്ടൂർ അഷ്‌റഫ് തുടങ്ങിയവർ സംസാരിച്ചു.