പത്തനംതിട്ട : കനത്ത മഴയുടെ പശ്ചാത്തലത്തിൽ ജില്ലയിലെ ജനങ്ങൾ ജാഗ്രത പുലർത്തണമെന്ന് വനം മന്ത്രി കെ.രാജു പറഞ്ഞു. ജില്ലയിലെ വെള്ളപ്പൊക്കത്തെ സംബന്ധിച്ച് അവലോകനം നടത്തുന്നതിനായി ചേർന്ന വീഡിയോ കോൺഫറൻസിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
നദിയിലും ഡാമിലും ജലനിരപ്പ് ഉയർന്നിട്ടുണ്ട്. മൂഴിയാർ, മണിയാർ എന്നീ ഡാമുകളിൽ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് തുറന്നിട്ടുണ്ട്. നിലവിൽ പമ്പ ഡാമിൽ 71 ശതമാനം ജലനിരപ്പ് ഉണ്ട്. തുടർച്ചയായി മഴ ഉണ്ടായാൽ ജലനിരപ്പ് വീണ്ടും ഉയരാൻ സാദ്ധ്യതയുണ്ട്. ക്രമാതീതമായി ജലനിരപ്പ് ഉയർന്നാൽ പമ്പ ഡാം തുറക്കേണ്ടതായി വരും. അടിയന്തരമായി കാമ്പുകൾ തുറക്കാനും പ്രവർത്തിപ്പിക്കാനുമുള്ള സജ്ജീകരണങ്ങൾ നടക്കുന്നുണ്ട്. നദികൾക്ക് സമീപം വസിക്കുന്നവർ മാറി താമസിക്കാനുള്ള ക്രമീകരണങ്ങൾ ചെയ്യണം. രക്ഷാപ്രവർത്തനത്തിനായി എൻ.ഡി.ആർ.എഫ്, ഫയർഫോഴ്സ്, പ്രത്യേക ട്രെയിനിംഗ് ലഭിച്ച സന്നദ്ധസേവകർ തുടങ്ങിയ സംഘം പ്രവർത്തനം ആരംഭിക്കും.
രക്ഷാപ്രവർത്തനത്തിനായി ജില്ലയിലേക്ക് 40 ബോട്ടുകൾ
കൊവിഡ് കാമ്പുകൾ നിലനിൽക്കുന്നതിനാൽ അവ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ തന്നെ നിയന്ത്രിക്കണം. നാലു വിഭാഗമായി തരം തിരിച്ചുള്ള കാമ്പുകളിലാണ് ഇത്തവണ ആളുകളെ മാറ്റി പാർപ്പിക്കുക. താലൂക്ക് തലത്തിൽ പ്രവർത്തനം കാര്യക്ഷമമാക്കാൻ ഡെപ്യൂട്ടി കളക്ടർമാരെയും തഹസിൽദാർമാരെയും ചുമതലപ്പെടുത്തിയിട്ടുണ്ട്. രക്ഷാപ്രവർത്തനത്തിനായി ജില്ലയിലേക്ക് 40 ബോട്ടുകൾ സജ്ജമാക്കിയിട്ടുണ്ട്. വള്ളങ്ങളും ഏർപ്പാടാക്കിയിട്ടുണ്ട്. ഇൻസിഡന്റ് റെസ്‌പോൺസ് സിസ്റ്റത്തിന്റെ പ്രവർത്തനങ്ങൾ സജീവമാക്കുമെന്നും നിലവിലെ സാഹചര്യത്തിൽ ജില്ലയിലെ പ്രവർത്തനം മെച്ചപ്പെട്ടതാണെന്നും മന്ത്രി പറഞ്ഞു.
-ഡാമുകളിൽ വെള്ളം ക്രമീകരിച്ച് തുറന്നു വിടണം ആന്റോ ആന്റണി എംപി
-വെള്ളത്തിന്റെ ഒഴുക്ക് ശക്തമാണെന്നും വിവിധയിടങ്ങളിൽ വെള്ളം കയറിത്തുടങ്ങിമാത്യു ടി.തോമസ് എം.എൽ.എ
- വിവിധ സ്ഥലങ്ങളിൽ വെള്ളം കയറി ഗതാഗതം തടസപ്പെട്ടു- രാജു ഏബ്രഹാം എം.എൽ.എ
- രക്ഷാപ്രവർത്തനങ്ങൾക്ക് ഡിങ്കി ബോട്ടുകൾ ഉൾപ്പെടെയുള്ളവയുടെ ലഭ്യത ഉറപ്പു വരുത്തണം -ചിറ്റയം ഗോപകുമാർ എം.എൽ.എ
കണ്ടെയ്ൻമെന്റ് സോണുകൾ നിലനിൽക്കുന്ന സാഹചര്യത്തിൽ രക്ഷാപ്രവർത്തനത്തിനായി മത്സ്യത്തൊഴിലാളികളെ എത്തിക്കുന്നതിന്റെ സാദ്ധ്യത പരിശോധിക്കണം- വീണ ജോർജ് എം.എൽ.എ
മഴ ശക്തമാണ് പ്രവർത്തനം ഊർജിതമാക്കണംകെ.- യു. ജനീഷ് കുമാർ എം.എൽ.എ ആവശ്യപ്പെട്ടു
ജില്ലയിലെ കൊവിഡ് രോഗികളുടെ എണ്ണം വർധിക്കുന്നുണ്ടെങ്കിലും നിലവിൽ ഗുരുതര സാഹചര്യമില്ല-ജില്ലാ കളക്ടർ പി.ബി നൂഹ്
എ.ഡി.എം അലക്സ് പി തോമസ്, തിരുവല്ല സബ് കളക്ടർ ഡോ. വിനയ് ഗോയൽ, അസിസ്റ്ററ്റ് കളക്ടർ വി. ചെൽസാ സിനി, ഡി..എം.ഡോ. എ.എൽ. ഷീജ, എൻ.എച്ച്.എം ഡി.പി.എം ഡോ.എബി സുഷൻ, ഡി.ഡി.പി എസ്. ഷാജി, അടൂർ ആർ.ഡി.ഒ എസ്. ഹരികുമാർ, ഡെപ്യൂട്ടി കളക്ടർമാർ, തഹസീൽദാർമാർ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാർ തുടങ്ങിയവർ പങ്കെടുത്തു.
ജലനിരപ്പ് വീണ്ടും ഉയരാൻ സാദ്ധ്യത
ക്യാമ്പുകളുടെ ക്രമീകരണത്തിനായി 20000 രൂപ അനുവദിച്ചു
-പമ്പയിൽ 71% വെള്ളം