മല്ലപ്പള്ളി- ഇന്നലെ ഉച്ചവരെ ശാന്തമായി ഒഴുകിയ മണിമലയാറ് വൈകുന്നേരത്തോടെ കരകവിഞ്ഞൊഴുകി. കോട്ടയം ജില്ലയുടെ കിഴക്കെ അതിർത്തിയിൽപെയ്ത കനത്തമഴയാണ് ജലനിരപ്പ് ഉയരാൻ കാരണം. പമ്പയാറ്റിൽ ജലനിരപ്പ് ഉയർന്നതോടെ മണിമലയാറ്റിൽ നിന്ന് ജലം താഴോട്ട് ഒഴുകാത്തതിനാൽ അതിവേഗമാണ് ജനവിതാനം ഉയർന്നത്. താഴ്ന്നപ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലായി. ആനിക്കാട് റോഡിൽ വൈകുന്നേരം ആറ് മണി മുതൽ ഗതാഗതം തടസപ്പെട്ടു. പഞ്ചായത്ത് ബസ് സ്റ്റാൻഡ്, കൃഷിഭവൻ, താലൂക്ക് ലൈബ്രറി കൗൺസിൽ ഓഫീസ് തുടങ്ങിയ സ്ഥലങ്ങളിലും വ്യാപാര സ്ഥാപനങ്ങളിലും വെള്ളംകയറി.. മല്ലപ്പള്ളി ടൗണിൽ സെന്റ് മേരിസ് സ്‌കൂളിൽ ക്യാമ്പ് തുറന്നു. ടൗണിൽ ആറ്റുതീരത്തോട് ചേർന്നു താമസിക്കുന്ന പയ്യമ്പള്ളിതാഴെ രണ്ട് കുടുംബത്തിലെ അംഗങ്ങൾ ക്യാമ്പിലെത്തി.