കോഴഞ്ചേരി: പമ്പയാറിൽ വെള്ളം പൊങ്ങി ആറൻമുള സത്രക്കടവ് മുങ്ങി. കടവിൽ നിന്ന് ക്ഷേത്രത്തിലേക്കുള്ള റോഡിലും വെള്ളം കയറി. പൊലീസ് സ്റ്റേഷൻ ഭാഗത്തും വെള്ളം ഒഴുകിയെത്തി. കോഴഞ്ചേരി പാലത്തിനടിയിൽ താമസിച്ചിരുന്ന കുടുംബങ്ങളെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി. റാന്നി മുതൽ ആറൻമുള വരെ പലയിടത്തും പമ്പാനദി കര കവിഞ്ഞൊഴുകുന്നു. റാന്നിയിൽ നിന്ന് ചെറുകോൽപ്പുഴ വഴിയും കീക്കൊഴൂർ വഴിയുമുള്ള രണ്ട് റോഡുകളിൽ പലയിടത്തും വെള്ളം കയറി. ചെറുകോൽപ്പുഴ റോഡിൽ പുല്ലൂപ്രം, കലായിൽ പടി, ഇടപ്പാവൂർ, പുതിയകാവ്, ചെറുകോൽപ്പുഴ തുടങ്ങിയ സ്ഥലങ്ങളെല്ലാം വെള്ളത്തിലാണ്. ഇവിടെ ഗതാഗതവും തടസപ്പെട്ടു. കീക്കൊഴൂർ റോഡിൽ പുതമൺ, കിളിയാനിക്കൽ, കോഴഞ്ചേരി പള്ളിയോടപ്പുര എന്നിവിടങ്ങളിലും വെള്ളം കയറി .