local
വള്ളിക്കോട് തൃപ്പാറ ക്ഷേത്രത്തിൽ വെള്ളം കയറിയപ്പോൾ

പത്തനംതിട്ട: വള്ളിക്കോട്, താഴൂർക്കടവ് പ്രദേശങ്ങളിൽ വെളളം കയറി. അച്ചൻകോവിലാർ കരകവിഞ്ഞ് ഒഴുകാൻ തുടങ്ങിയതോടെ താഴ്ന്ന സ്ഥലങ്ങൾ എല്ലാം വെള്ളത്തിലായി. തോടുകളും കരകവിഞ്ഞ് ഒഴുകുകയാണ് ' വള്ളിക്കോട് നരിക്കുഴിയിൽ പാടശേഖരം മുഴുവൻ വെള്ളത്തിലായി. വാഴ, പച്ചക്കറി കൃഷികൾ നശിച്ചിട്ടുണ്ട്. നരിക്കുഴി വഴിയുള്ള അങ്ങാടിക്കൽ- വള്ളിക്കോട് റോഡിലും വെള്ളമാണ്. വള്ളിക്കോട് താഴൂർക്കടവ് - പൂങ്കാവ്റോഡിൽ വെള്ളമായതിനാൽ ഇതു വഴിയുള്ള ഗതാഗതം തടസപ്പെട്ടിരിക്കയാണ്. താഴൂർക്കടവ് റോഡിൽ വെള്ളം കാരണം പൂങ്കാവിനും കോന്നിക്കും, പത്തനംതിട്ടക്കും വാഹനങ്ങൾക്ക് പോകാൻ കഴിയില്ല. ഇവിടത്തെ പാടശേഖരങ്ങൾ മുഴുവൻ വെളളത്തിലായി. തൃക്കോവിൽ, തൃപ്പാറ എന്നിവിടങ്ങളിലും അച്ചൻകോവിലാർ കരകവിഞ്ഞ് ഒഴുകുന്നത് ഭീഷണിയായിട്ടുണ്ട്. പല വീടുകളുടെയും പറമ്പിലും മുറ്റത്തേക്കും വെള്ളം കയറി തുടങ്ങിയിട്ടുണ്ട്. അച്ചൻകോവിലാറിനോട് ചേർന്ന തൃപ്പാറ ക്ഷേത്രത്തിലേക്കും വെള്ളം കയറിയിട്ടുണ്ട്. ഇവിടെ കൈപ്പട്ടൂർ റോഡിലും വെള്ളമാണ്.നദീതീരത്ത് അടുക്കി വെച്ചിരുന്ന തടി കഷണങ്ങൾ ഒഴുകിപ്പോയിട്ടുണ്ട്. കനത്ത മഴ തുടർന്നാൽ ഈ ഭാഗങ്ങൾ മുഴുവൻ പൂർണമായും വെളളത്തിലാകും.