കോന്നി : ശക്തമായ മഴയ്ക്ക് ഇന്നലെ ശമനമുണ്ടായെങ്കിലും അച്ചൻകോവിലാറ്റിൽ വെള്ളം ഉയർന്നും താണും നിൽക്കുന്നത് നദീതീരത്ത് താമസിക്കുന്നവരെ ആശങ്കയിലാക്കുന്നു. പാടങ്ങളിലെയും താഴ്ന്ന പ്രദേശങ്ങളിലെയും മഴവെള്ളം ഇറങ്ങിത്തുടങ്ങിയിട്ടുണ്ട്. ബന്ധുവീടുകളിലേക്കും ദുരിതാശ്വാസ ക്യാമ്പുകളിലേക്കും മറ്റും പോയവർ മഴ ശമിച്ചതോടെ ഇന്നലെ ഉച്ചയോടെ വീടുകളിൽ തിരിച്ചെത്തി. ആറ്റിലെ ജലനിരപ്പ് കയറിയും ഇറങ്ങിയും നിൽക്കുന്നതിനാൽ പലരും വൈകിട്ടോടെ വീണ്ടും ക്യാമ്പുകളിലേക്കും മറ്റും മടങ്ങി.
അച്ചൻകോവിൽ വൻമേഖലയിൽ കഴിഞ്ഞ ദിവസം ഉരുൾ പൊട്ടിയതായി സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്. ഈ മലവെള്ളപ്പാച്ചിലിൽ അകപ്പെട്ട കുട്ടിയാനയുടെ ജഡമാണ് ആറ്റിലൂടെ ഒഴുകിയെത്തിയതെന്നും അഭ്യൂഹങ്ങളുണ്ട്. എന്നാൽ അധികൃതർ ഇക്കാര്യം ഉറപ്പിച്ചിട്ടില്ല. മുൻവഷങ്ങളിൽ അച്ചൻകോവിൽ വനമേഖലയിൽ ഉരുൾപൊട്ടൽ ഉണ്ടായിരുന്നു. പ്രതികൂല കാലാവസ്ഥയെ തുടർന്ന് കിഴക്കൻ മലയോരമായ കോന്നി താലൂക്കിൽ അധികൃതർ ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.