അടൂർ : സമയം വെള്ളിയാഴ്ച രാത്രി 8.30. വലിയ ശബ്ദത്തോടെ ഒരു ബൈക്ക് മരകൊമ്പിൽ തട്ടി മറിയുകയും നിലവിളയും കേട്ടാണ് അയവാസികൾ ഓടിയിറങ്ങിയത്. റോഡിലെ കുഴിയിൽ വന്നുപതിക്കാതിരിക്കാൻ മുന്നറിയിപ്പെന്നോണം നാട്ടുകാർ ചേർന്ന് റോഡിലേക്ക് ഇറക്കിവച്ച മരകൊമ്പിൽ തട്ടിയാണ് യുവാവ് ബൈക്കിൽ നിന്നും തെറിച്ച് റോഡിൽ വീണത്. ഹെൽമറ്റ് ഉണ്ടായിരുന്നതിനാൽ വലിയ അപകടത്തിൽപ്പെടാതെ കഷ്ടിച്ച് രക്ഷപെട്ടു എന്നതാണ് ആശ്വാസത്തിന് വകനൽകിയത്. അടൂർ പൊലീസ് സ്റ്റേഷൻ, ആർ. ഡി ഓഫീസ് എന്നിവയുടെ മൂക്കിന് താഴെയുള്ള എം.ജി റോഡിലെ അപകടകെണിയാണ് ഇത്. വാട്ടർ അതോറിറ്റിയുടെ പൈപ്പ് ലൈനിലെ വാൽവ് സ്ഥാപിച്ചിരിക്കുന്ന ഇടമാണ്.ഇവിടെ ചേംബർ നിർമ്മിച്ച് സ്ളാബ് ഇടുകയാണ് വേണ്ടത്. വാൽവിലെചോർച്ച പരിഹരിക്കാൻ പലപ്പോഴായി കുഴിച്ചതോടെ ഏറെ തിരക്കുള്ള റോഡിൽ ഈ കുഴി അപകടക്കെണിയായിമാറി. റോഡിന്റെ പേര് മഹാത്മാഗാന്ധി റോഡ് എന്നാണ്. ആ മഹാത്മാവിന്റെ പേരിന് അപമാനയാണ് ഈ കുഴി.പൊതുവേ വീതി കുറവായ റോഡിൽ എതിരേ വരുന്ന വാഹനങ്ങൾ പരസ്പരം കടന്നുപോകുന്നത് തന്നെ വളരെ പ്രയാസപ്പെട്ടാണ്. ഇതിന് പുറമേയാണ് നഗരത്തിലെ പ്രവേശനകവാടമായ ഈ മേഖലയിൽ അനധികൃത പാർക്കിംഗും.കുഴിയും.അപകടം മുന്നിൽ കണ്ടാണ് പരിസരവാസികൾ മരകൊമ്പ് കൊണ്ട് മുന്നറിയിപ്പ് സംവിധാനം ഒരുക്കിയത്. രാത്രികാലത്ത് വരുന്ന വാഹന യാത്രികർക്കാണ് ഇത് വലിയ അപകടകെണിയായി മാറിയത്. കുഴി നികത്തേണ്ട ബാദ്ധ്യത വാട്ടർ അതോറിറ്റിയുടേതാണ്.അടൂർ - കോഴഞ്ചേരി റോഡിന്റെ വികസനപട്ടിയിൽപ്പെടുത്തിയ റോഡ് എന്ന നിലയിൽ ടെൻഡർ നടപടികളിലേക്ക് നീങ്ങുന്നതിനാൽ പൊതുമാരാമത്ത് വകുപ്പും ഇത് കണ്ടില്ലെന്ന മട്ടിലാണ്.ഫലത്തിൽ ഈ കുഴി ആരു നികത്തും എന്ന ചോദ്യചിഹ്നം മാത്രം ബാക്കിയാകുന്നു.
അധികൃതരുടെ അനങ്ങാപ്പാറനയം ദുരന്തം ക്ഷണിച്ചു വരുത്തും.ഇരുവകുപ്പുകളും പരസ്പരം ചക്കളത്തിപോരാട്ടം നടത്തുന്നതിനാൽ ഇക്കാര്യത്തിൽ മനുഷ്യാവകാശ്യ കമ്മീഷനെ സമീപിക്കുകയാണ് ഇനി നാട്ടുകാരുടെ ഏക പോംവഴി.
അനിൽ കുമാർ,
(നാട്ടുകാരൻ.)
തങ്ങളുടെ അനുമതി ഇല്ലാതെയാണ് റോഡ് കുഴിക്കുന്നത്. ഇവിടെ ചേബർ സ്ഥാപിക്കേണ്ടത് വാട്ടർ അതോറിറ്റിയുടെ ഉത്തരവാദിത്വമാണ്. ഇത് സംബന്ധിച്ച് പലതവണ മുന്നറിപ്പും നൽകിയിട്ടും സുരക്ഷാ നടപടി സ്വീകരിക്കാൻ ബന്ധപ്പെട്ടർ തയാറാകുന്നില്ല.
അസി.എൻജിനിയർ
(പൊതുമരാമത്ത് റോഡ്സ് വിഭാഗം)
വാൽവിൽ ചോർച്ച യുള്ളതിനാൽ പുതിയ വാൽവ് സ്ഥാപിച്ച് ചേംബർ നിർമ്മിക്കാനുള്ള ശ്രമം പൊതുമരാമത്ത് വകുപ്പ് തടഞ്ഞു. ഇതിന് അനുമതി വാങ്ങിയില്ലെന്നതാണ് കാരണം പറയുന്നത്. പഴയവാൽവ് മാറ്റി പുതിയത് സ്ഥാപിക്കുന്നതിനാലാണ് അനുമതി തേടാതിരുന്നത്. അപകടകെണി മാറ്റാൻ ഉടൻ നടപടി സ്വീകരിക്കും.
അസി.എൻജിനിയർ,
(വാട്ടർ അതോറിറ്റി.)