പത്തനംതിട്ട- വെള്ളപ്പൊക്കത്തിൽ പമ്പയുടെ തീരത്തോട് ചേർന്ന നിലങ്ങളിലും കരഭൂമിയിലും വ്യാപക കൃഷി നാശം. ജില്ലാ പഞ്ചായത്തിന്റെയും അയിരൂർ പഞ്ചായത്തിന്റെയും കർഷക അവാർഡ് ജേതാവായിരുന്ന ഇടപ്പാവൂർ കടലാഴിത്തുണ്ടിയിൽ കെ.ജി.രാജന്റെ രണ്ടായിരത്തിലേറെ വാഴയാണ് വെള്ളം കയറി നശിച്ചത്. ഒാണത്തിന് കുലവെട്ടൻ പാകത്തിൽ വളർന്നതായിരുന്നു. മിക്കതും ഒടിഞ്ഞുവീണു. ചേനയും ചേമ്പുമെല്ലാം വെള്ളമെടുത്തു. തണ്ട് അഴുകുന്ന സ്ഥിതിയായി. 2018 ലെ പ്രളയത്തിലും രാജന്റെ കൃഷി നശിച്ചിരുന്നു. ഇൻഷുറൻസ് ഉണ്ടായിരുന്നെങ്കിലും ഫണ്ടില്ലെന്ന കാരണത്താൽ നഷ്ടപരിഹാരം ലഭിച്ചില്ല. ഇത്തവണയും കൃഷി ഒാഫീസിൽ നിവേദനം നൽകിയിട്ടുണ്ട്. നിരവധി കർഷകർ ഇൗ മേഖലയിലുണ്ട്. സ്ഥലം പാട്ടത്തിനെടുത്താണ് പലരും കൃഷിയിറക്കിയത്. പാട്ടത്തുക കൊടുക്കാൻ പോലും വരുമാനം ലഭിക്കില്ലെന്ന ആശങ്കയിലാണ് കർഷകർ.
@ മൈക്ക് അനൗൺസ്മെന്റ്
അഴുത ഭാഗത്ത് ഉരുൾപൊട്ടി പമ്പയിൽ വെള്ളം ഉയരുന്നതിനാൽ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മൈക്ക് അനൗൺസ്മെന്റിലൂടെ ആവശ്യപ്പെട്ടു. ഡാമുകളുടെ ഷട്ടറുകൾ ഇനിയും ഉയർത്തിയേക്കുമെന്നും മുന്നറിയിപ്പ് നൽകി.
------------------
കഴിഞ്ഞ പ്രളയത്തിലേതു പോലെ അധികൃതരുടെ അനാസ്ഥ ഇത്തവണയുണ്ടാകരുത്. കർഷകർക്ക് മതിയായ നഷ്ടപരിഹാരം നൽകണം. വീടുകളിൽ താമസിക്കുന്നവരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റണം.
വിദ്യാധരൻ അമ്പിലാത്ത്, കാർഷികവികസന സമിതിയംഗം.