പത്തനംതിട്ട : ചെറിയ മഴയിൽ പോലും വെള്ളം കയറുന്ന ആറന്മുള മിച്ചഭൂമി സമരക്കാർ ഇത്തവണയും ദുരിതത്തിലാണ്. മഴ ശക്തി പ്രാപിച്ചതോടെ വെള്ളമായി സമരഭൂമിയിൽ. എഴുപതോളം പേരെ വില്ലേജ് ഓഫീസർ ഇടപ്പെട്ട് ക്യാമ്പിലേക്ക് മാറ്റിയിട്ടുണ്ട്. പഞ്ചായത്ത് അധികൃതരടക്കം ഇവരെ തിരിഞ്ഞു നോക്കാറില്ലെന്നതാണ് വാസ്തവം. എല്ലാ മഴയും ഇവർക്ക് ഭീഷണിയാണ്. കുഞ്ഞുകുട്ടികളടക്കം മുപ്പതോളം കുടുംബങ്ങൾ ഇവിടുണ്ട്. കൂലിപ്പണിക്കാരാണ് ഇതിൽ കൂടുതലും. അറുപത് കഴിഞ്ഞവരേയും കൊവിഡ് ബാധിതരേയും അല്ലാത്തവരേയുമെല്ലാം പ്രത്യേകമായി താമസിപ്പിക്കുമെന്നാണ് ഭരണകൂടം അറിയിച്ചതെങ്കിലും ഒരു വയസു മുതൽ 80 വരെയുള്ളവർ ഇതിൽപ്പെടും. നാൽക്കാലിക്കൽ എം.ടി.എൽ.പി സ്‌കൂളിൽ തയാറാക്കിയ ക്യാമ്പിലാണ് അവർ.വെള്ളപ്പൊക്കത്തിൽആരും സഹായിക്കാനില്ല.പാത്രങ്ങളടക്കം എല്ലാം ഒഴുകി പോകും . ഓല കെട്ടിയതും ടാർപ്പോളിൻ കെട്ടിയതുമായ വീട് പമ്പാ നദിയിൽ അലിയും. നേരത്തെ അഞ്ഞൂറോളം കുടുംബങ്ങളെ വിവിധ രാഷ്ട്രീയ പാർട്ടികൾ ഇവിടെ കൊണ്ട് വന്ന് പാർപ്പിച്ചിരുന്നു. വിമാനത്താവളമായിരുന്നു ഭൂരഹിതരെ കൊണ്ട് താമസിപ്പിച്ചത്. ഭൂരഹിതർക്ക് ഇവിടെ ഭൂമി നൽകാമെന്നും വാഗ്ദാനം ചെയ്തിരുന്നു. സമരത്തിന് സി.പി എമ്മാണ് നേതൃത്വം നൽകിയത്.വിമാനത്താവള ഭൂമിയിൽ കെ.ജി.എസ് കമ്പനിക്ക് ഉണ്ടായിരുന്ന ഉടമസ്ഥാവകാശം സർക്കാർ റദ്ദാക്കുകയും ചെയ്തു. സർക്കാർ സ്ഥലം മിച്ചഭൂമിയായി ഏറ്റെടുത്തു. ഇതിനെതിരെ മുൻ സ്ഥലം ഉടമ എബ്രഹാം കലമണ്ണിൽ കോടതിയിൽ കേസ് നൽകുകയും ചെയ്തിരുന്നു. സമരത്തിന് നേതൃത്വം നൽകിയ പാർട്ടിക്കാർ ഇപ്പോൾ ഇവിടെ കുടിൽ കെട്ടി കഴിയുന്നവരെ തിരിഞ്ഞു നോക്കാത്ത സാഹചര്യമാണ്.