h
.

പത്തനംതിട്ട: വെള്ളപ്പൊക്കം ഭയന്ന് ഇടപ്പാവൂർ മേലേതിൽ വീട്ടിൽ പ്രശാന്തിന്റെ ഭാര്യ അഞ്ജു മൂന്നും ഒന്നരയും വയസുളള കുഞ്ഞുങ്ങളുമായി മൂന്ന് ദിവസം മുമ്പ് സ്വന്തം നാടായ എരുമേലിക്ക് പോയതാണ്. കഴിഞ്ഞ ദിവസങ്ങളിലെ തോരാമഴയ്ക്ക് പിന്നാലെ പമ്പാനദിയിലെ അണക്കെട്ടുകളുടെ ഷട്ടർ തുറന്നുവിട്ടേക്കുമെന്ന മുന്നറിയിപ്പു വന്നതോടെയായായിരുന്നു ഇവിടെ നിന്നുപോയത്. 2018ലെ പ്രളയത്തിൽ ഏറെ ദുരിതം അനുഭവിച്ചതാണ് ഇൗ കുടുംബം . അന്ന് വീടിനെ മുക്കിയാണ് പമ്പ പാഞ്ഞൊഴുകിയത്. വെള്ളമൊഴിഞ്ഞ് തിരിച്ചെത്തിയപ്പോൾ കണ്ടത് ചെളി മൂടിയ വീട്. കഴുകി കയറി താമസിച്ചത് ആഴ്ചകൾക്ക് ശേഷമാണ്.

രണ്ട് വർഷം തികയുമ്പോൾ പമ്പ വീണ്ടും നിറഞ്ഞൊഴുകി വീട്ടുപടിക്കൽ തൊട്ടു. പ്രശാന്തിന്റെ പിതാവ് ബാലചന്ദ്രൻ താമസിക്കുന്നത് അടുത്ത വീട്ടിലാണ്. കരാർ ജോലിക്കാരനായ അദ്ദേഹം ഇപ്പോൾ പണിക്ക് പോകുന്നില്ല. വെള്ളം ഏതുനിമിഷവും വീടിനെ വിഴുങ്ങിയേക്കുമെന്നാണ് ഭയം. ചെറുകോൽപ്പുഴ- റാന്നി റോഡിലേക്ക് കയറാവുന്ന നൂഴുവേലിൽ - തോട്ടത്തുവീട്ടിൽപ്പടി റോഡിന്റെ ഒരു വശത്താണ് ഇൗ വീടുകൾ. റോഡിൽ ചെളിയും വെള്ളവുമായി.

'' വീട്ടിൽ കിടന്നുറങ്ങാൻ പറ്റുന്നില്ല. എപ്പോഴാ വെള്ളം കയറി വരിക എന്നു പറയാനാവില്ല. ചിലപ്പോൾ വലിയും, പിന്നെയും ഒഴുകിവരും. സമാധാനത്തോടെ എങ്ങനെയാ കിടന്നുറങ്ങുക?"- ബാലചന്ദ്രൻ പറയുന്നു. 2018 പ്രളയശേഷം വീട് ചെളിനീക്കി കഴുകി വൃത്തിയാക്കിയപ്പോൾ ചെലവായത് രണ്ടര ലക്ഷം രൂപ. ദുരിതാശ്വാസമായി കിട്ടിയത് പതിനായിരം രൂപ മാത്രം.

----------------------

ഉറക്കമില്ലാതെ ആധിയോടെ

@ റാന്നി മുതൽ ആറൻമുളയുടെ പടിഞ്ഞാറ് വരെ പമ്പയുടെ കരയോടു ചേർന്നു താമസിക്കുന്ന നൂറു കണക്കിന് കുടുംബങ്ങൾ ഏതു നിമിഷവും വീട്ടുസാധനങ്ങളുമായി ഇറങ്ങിപ്പോകാൻ തയ്യാറെടുത്തു കഴിഞ്ഞു.

@ റാന്നി മുങ്ങിയാൽ അടുത്ത മണിക്കൂറുകളിൽ അയിരൂർ, ചെറുകോൽപ്പുഴ ഭാഗവും മുങ്ങും. പിന്നീട് കോഴഞ്ചേരിയും ആറൻമുളയും. കഴിഞ്ഞ പ്രളയത്തിൽ രക്ഷാ പ്രവർത്തനം കൂടുതലും നടന്നത് ആറൻമുള ഭാഗങ്ങളിലാണ്. അയിരൂർ, ചെറുകോൽപ്പുഴ പ്രദേശങ്ങളെ അവഗണിച്ചെന്ന് ആക്ഷേപം ഉയർന്നിരുന്നു. നാട്ടിലെ യുവാക്കൾ സാഹസികമായി നീന്തിച്ചെന്നാണ് പല കുടുംബങ്ങളെയും രക്ഷിച്ചത്.

@ . ഇടപ്പാവൂർ എം.എം എൽ.പി.എസ്. മൂക്കന്നൂർ എൽ.പി.എസ്, ഇടപ്പാവൂർ ദേവീക്ഷേത്രം ആഡിറ്റോറിയം എന്നിവിടങ്ങളിലേക്ക് സമീപവാസികൾ വീട്ടു സാധനങ്ങൾ മാറ്റിയിട്ടുണ്ട്. ഗ്രാമ പഞ്ചായത്ത് അംഗം അമ്പിളി പ്രഭാകരൻ ഇന്നലെ എല്ലാ വീടുകളിലും എത്തി തയ്യാറെടുപ്പുകൾ വിലയിരുത്തി.