@ രക്ഷാദൗത്യത്തിന് വള്ളങ്ങളുമായി മത്സ്യത്തൊഴിലാളികൾ എത്തി
പത്തനംതിട്ട- വെള്ളപ്പൊക്കം രൂക്ഷമായാൽ രക്ഷാദൗത്യം നടത്തുന്നതിന് പൂർണസജ്ജരായി കൊല്ലത്തു നിന്നുള്ള മത്സ്യത്തൊഴിലാളികൾ ജില്ലയിലെത്തി. കൊല്ലം വാടി, തങ്കശേരി കടപ്പുറങ്ങളിലെ 30 മത്സ്യത്തൊഴിലാളികളും 10 വള്ളങ്ങളുമാണ് എത്തിയത്. അഞ്ചു വള്ളം വീതം റാന്നി ഇട്ടിയപ്പാറയിലേക്കും, ആറന്മുള സത്രക്കടവിലേക്കും അയച്ചു. വെള്ളപ്പൊക്ക ഭീഷണി ശാന്തമാകുന്നതുവരെ ഇവർ ജില്ലയിൽ തുടരും. പത്തനംതിട്ട നഗരസഭ ഇടത്താവളത്തിൽ കോഴഞ്ചേരി ഡെപ്യൂട്ടി തഹസിൽദാർമാരായ കെ.ജയദീപ്, സാം പി.തോമസ് തുടങ്ങിയവർ ചേർന്നു മത്സ്യ തൊഴിലാളികളെ സ്വീകരിച്ചു.
വെള്ളപ്പൊക്കമുണ്ടായാൽ രക്ഷാപ്രവർത്തനത്തിനായി പന്തളത്ത് രണ്ടും തുമ്പമണിൽ ഒരു ബോട്ടും എത്തിച്ചതായി ചിറ്റയം ഗോപകുമാർ എം.എൽ.എ അറിയിച്ചു. അതത് സ്ഥലത്തെ വില്ലേജ് ഓഫീസർമാരുടെ ചുമതലയിലാണ് ബോട്ടുകൾ ക്രമീകരിച്ചിട്ടുള്ളത്.
-----------
73 ദുരിതാശ്വാസ ക്യാമ്പുകൾ
ജില്ലയിലെ 73 ദുരിതാശ്വാസ ക്യാമ്പുകളിലായി 609 കുടുംബങ്ങളിലെ 2101 പേർ കഴിയുന്നു. കോന്നി താലൂക്കിൽ ഏഴ് ക്യാമ്പുകളിലായി 97 കുടുംബങ്ങളിലെ 269 പേരും, മല്ലപ്പള്ളി താലൂക്കിൽ 11 ക്യാമ്പുകളിലായി 63 കുടുംബങ്ങളിലെ 229 പേരും, തിരുവല്ല താലൂക്കിലെ 30 ക്യാമ്പുകളിലായി 258 കുടുംബങ്ങളിലെ 899 പേരുമുണ്ട്. റാന്നി താലൂക്കിൽ 11 ക്യാമ്പുകളായി 82 കുടുംബങ്ങളിലെ 404 പേരും കോഴഞ്ചേരി താലൂക്കിൽ 14 ക്യാമ്പുകളിലായി 109 കുടുംബങ്ങളിലെ 360 പേരുമാണ് കഴിയുന്നത്. അടൂർ താലൂക്കിൽ ക്യാമ്പുകൾ തുറന്നിട്ടില്ല.
കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി പെയ്ത മഴയിൽ ജില്ലയിലെ 161 കർഷകർക്ക് 42.57 ലക്ഷം രൂപയുടെ കൃഷിനാശം സംഭവിച്ചു. ജില്ലാ കളക്ടറേറ്റിലും താലൂക്ക് ഓഫീസുകളിലും 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമുകൾ സജ്ജമാണ്.
------------
കൺട്രോൾ റൂം തുറന്നു
പ്രകൃതിക്ഷോഭവുമായി ബന്ധപ്പെട്ട് ജില്ലാ വെറ്ററിനറി കേന്ദ്രത്തിൽ കൺട്രോൾ റൂം തുറന്നു. മൃഗസംരക്ഷണവുമായി ബന്ധപ്പെട്ട അടിയന്തര സാഹചര്യങ്ങളിൽ ബന്ധപ്പെടാം. ഫോൺ: 0468 2270908, 9400701138, 9446560650.
------------