p
.


പത്തനംതിട്ട: ആശങ്ക വിതച്ചു മഴ തുടരുന്ന സാഹചര്യത്തിൽ, അടിയന്തരഘട്ടത്തിൽ എടുക്കേണ്ട മുൻകരുതലുകൾ സ്വീകരിച്ചതായും, ജില്ലയിലെ പൊലീസ് സംവിധാനം സുസജ്ജമാണെന്നും ജില്ലാ പൊലീസ് മേധാവി കെ.ജി. സൈമൺ അറിയിച്ചു. ജില്ലയിലെ നദികളെല്ലാം നിറയുന്നതും മൂഴിയാർ, മണിയാർ ഡാമുകളുടെ ഷട്ടറുകൾ നിയന്ത്രിത തോതിൽ തുറന്നുവിടുന്നതും ഗൗരവത്തോടെ കാണേണ്ടതാണ്. കൊവിഡിന്റെ പശ്ചാത്തലത്തിൽ ആശങ്കാജനകമായ സ്ഥിതി നിലവിലുള്ളതിനാൽ ആളുകൾ പരിഭ്രാന്തരാവരുത്., ജാഗ്രതാനിർദേശങ്ങൾ കർശനമായി പാലിക്കണം. പമ്പ ഉൾപ്പെടെയുള്ള നദികളിൽ ജലനിരപ്പ് ഉയരുന്നതും റാന്നി പോലെയുള്ള ചില പ്രദേശങ്ങളിൽ വെള്ളപ്പൊക്ക ഭീഷണി നിലനിൽക്കുന്നതും പരിഗണിച്ച് ജില്ലാ ഭരണകൂടവുമായി ചേർന്ന് രക്ഷാപ്രവർത്തനം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ പ്രവർത്തിക്കാൻ സബ് ഡിവിഷണൽ പൊലീസ് ഓഫീസർമാർക്കും എസ്എച്ച് ഒമാർക്കും നിർദേശം നൽകിയിട്ടുണ്ട്.
മുൻ അനുഭവങ്ങളുടെ വെളിച്ചത്തിൽ എല്ലാ സുരക്ഷാ മുൻകരുതലുകളും, അടിയന്തര രക്ഷാപ്രവർത്തനങ്ങൾക്ക് ആവശ്യമായ നടപടികളും സ്വീകരിക്കാനും നിർദേശം നൽകി. ജില്ലാ ആസ്ഥാനത്ത് 24 മണിക്കൂറും പ്രവർത്തിക്കുംവിധം ദുരന്തനിവാരണവുമായി ബന്ധപ്പെട്ട കൺട്രോൾ റൂം ഡിസിആർബി ഡിവൈഎസ്പിയുടെ മേൽനോട്ടത്തിൽ തുറക്കും. ജില്ലയിൽ രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുകയും, കൃത്യമായ നടപടികൾ കൈക്കൊള്ളുകയും മറ്റും ചെയ്യുന്നതിന് കൺട്രോൾ റൂം ജാഗ്രതയോടെ പ്രവർത്തിക്കും.
പൊലീസ് സ്റ്റേഷൻ അതിർത്തികളിലുള്ള കമ്മ്യൂണിറ്റി വോളന്റിയർ ഗ്രൂപ്പുകളെ സംഘടിപ്പിച്ച് വെള്ളപ്പൊക്കം, മണ്ണിടിച്ചിൽ തുടങ്ങിയവ ഉണ്ടായാൽ സ്വീകരിക്കേണ്ട എല്ലാ മുൻകരുതലുകളും എടുക്കണമെന്ന നിർദേശവും എല്ലാ എസ്എച്ച്ഒമാർക്കും കൈമാറിയിട്ടുണ്ട്. പലവിധ രോഗങ്ങളും ബുദ്ധിമുട്ടുകളും മറ്റുമുള്ള മുതിർന്ന പൗരന്മാരുടെ സുരക്ഷയും ക്ഷേമവും ഉറപ്പാക്കണമെന്ന് നിർദേശിച്ചിട്ടുണ്ട്. ജനമൈത്രി പൊലീസ് സംവിധാനം പ്രയോജനപ്പെടുത്തി മുതിർന്ന പൗരന്മാരുടെ വീടുകളിൽ സന്ദർശനം നടത്തുകയും, അതിക്രമങ്ങളും മറ്റും ഉണ്ടാവാതെ തടയാനും ആവശ്യമായ നടപടികൾ കൈക്കൊള്ളാൻ നിർദേശം നൽകി. 112 ഹെൽപ് ലൈൻ നമ്പർ ഉൾപ്പെടെ ആവശ്യങ്ങൾക്ക് ബന്ധപ്പെടാവുന്ന എല്ലാ ഫോൺ നമ്പറുകളും അവർക്കു ലഭ്യമാക്കണം. കൊവിഡ് 19 രോഗബാധയുടെ പശ്ചാത്തലത്തിൽ പ്രോട്ടോകോൾ പ്രകാരം മുതിർന്ന പൗരന്മാർ വീടുകളിൽ കഴിയണമെന്നും ചികിത്സാർത്ഥമല്ലാതെ പുറത്തിറങ്ങരുതെന്നും ജില്ലാ പൊലീസ് മേധാവി അറിയിച്ചു.